തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം എന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കറിനെ ആശുപത്രിയിലാക്കിയത് കസ്റ്റംസാണ്, സര്‍ക്കാരിന് അതില്‍ പങ്കില്ല. ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശിവശങ്കറിനെ അറസ്റ്റിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് മാധ്യമ വാര്‍ത്തയിലെ ഒരു ആരോപണം. സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണെങ്കില്‍ പോലും ഈ ആരോപണം എത്രമാത്രം അബദ്ധമാണെന്ന് ഈ മാധ്യമത്തിന്റെ ഉത്തരവാദപ്പെട്ടവര്‍ തന്നെ പരിശോധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശിവശങ്കറിന് മുഖ്യമന്ത്രിയുടെ ഓഫിസുമായോ സര്‍ക്കാരുമായോ ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികള്‍ക്ക് ആരെയും ചോദ്യംചെയ്യാനും അറസ്റ്റ് ചെയ്യാനും അധികാരമുണ്ട്. സ്വര്‍ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണ്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍ അപക്വവും മന്ത്രിപദവിക്ക് ചേരാത്ത നടപടിയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
Discussion about this post