കേരളത്തില്‍ കൊവിഡ് പ്രതിരോധം അട്ടിമറിച്ചത് അരാജകസമരങ്ങള്‍, പ്രതിപക്ഷരാഷ്ട്രീയം പ്രതികാര രാഷ്ട്രീയമായി മാറി; വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പ്രതിരോധം അട്ടിമറിച്ചത് അനാവശ്യ, അരാജകസമരങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രതിപക്ഷരാഷ്ട്രീയം പ്രതികാരരാഷ്ട്രീയവും ദുരന്തവുമായി മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കേരളത്തിന്റെ കൊവിഡ് പ്രതിരോധ നേട്ടങ്ങളില്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു. കേരളം രാജ്യാന്തരപുരസ്‌കാരങ്ങള്‍ തേടിപ്പോയിട്ടില്ല. അപേക്ഷ നല്‍കിയിട്ടുമില്ല. വസ്തുതകള്‍ മനസിലാക്കാതെയോ മറച്ചുവച്ചോ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് പരിധിവിട്ട ഇളവുകള്‍ അനുവദിച്ചുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓണഘോഷം നടന്നു എന്നത് ശരിയാണ്. പക്ഷേ നമ്മുടെ നാട്ടില്‍ എങ്ങനെയാണ് ഓണം ആഘോഷിച്ചത്. കൂട്ടായ എന്തേലും പരിപാടി നടന്നോ, എവിടെയെങ്കിലും കൂടിച്ചേരല്‍ ഉണ്ടായോ. വീടുകളില്‍ ആളുകള്‍ കൂടിയിട്ടുണ്ടാവും, അതല്ലാതെ കൈവിട്ടു പോകുന്ന അവസ്ഥ കേരളത്തിലുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version