കൊച്ചി: വാളയാർ കേസിൽ പുനരന്വേഷണം സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. കേസിൽ വിചാരണ നടത്തണമെന്നും ആവശ്യമെങ്കിൽ തുടരന്വേഷണം നടത്താൻ തയ്യാറാണെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ച പറ്റിയെന്നും സർക്കാർ അപ്പീലിൽ പറയുന്നു.
13ഉം 9ഉം വയസുള്ള പെൺകുട്ടികൾ മരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട പാലക്കാട് സെഷൻസ് കോടതി (പോക്‌സോ കോടതി) ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകിയത്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോക്‌സോ കോടതി ആറ് കേസുകളിലായി നാല് പ്രതികളെ വെറുതെ വിട്ടത്.
ഇതിലാണ് സെഷൻസ് കോടതി വിധി റദ്ദാക്കി കൂടുതൽ അന്വേഷണം നടത്തി പുനർ വിചാരണയ്ക്ക് അനുമതി നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. അതേസമയം, വാളയാർ കേസിൽ സർക്കാർ നൽകിയ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കുമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. നവംബർ 9 ന് വാദം കേൾക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്.
അപ്പീൽ അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് പരിഗണിച്ചത്. കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച അപ്പീലും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരണക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നവംബറിലായിരുന്നു സർക്കാർ ആദ്യം അപ്പീൽ നൽകിയത്.