മലപ്പുറം: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ബോട്ടുകൾ നിറഞ്ഞ് കവിഞ്ഞ് മത്സ്യം ലഭിച്ചിട്ടും ഉപകാരപ്പെടാത്തതിന്റെ വേദനയിൽ മത്സ്യത്തൊഴിലാളികൾ. ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം ബോട്ട് നിറയെ മത്സ്യം ലഭിച്ചിട്ടും കൂലിക്കാശ് പോലും കിട്ടാത്തതിന്റെ നിരാശ ബാക്കിയായി. പൊന്നാനി ഹാർബറിലെ ലേല ഹാൾ നിറയെ മണൽ കുന്നുകൂട്ടിയിട്ടതുപോലെ മീൻ കൂമ്പാരമായിരുന്നെങ്കിലും വാങ്ങാനാളെത്തിയില്ല.
ബോട്ടുമായി കരയ്ക്ക് എത്തിയവർക്കെല്ലാം കൊണ്ടുവന്ന് ചൊരിയാനുണ്ടായിരുന്നത് പാര മീൻ (കണ്ടൻ പാര) മാത്രം. രാവിലെ മുതൽ കരയ്ക്കടുത്ത ഓരോ ബോട്ടുകളിൽനിന്നും പാര മീൻ ഹാർബറിൽ നിറഞ്ഞു. ചില്ലറ വിൽപനക്കാർ പോലും മത്സ്യം വാങ്ങാൻ തയാറായില്ല. ഒടുവിൽ മത്സ്യം വളവും കോഴിത്തീറ്റയുമൊക്കെയാക്കുന്ന ഇതര സംസ്ഥാന കമ്പനികൾക്ക് വിറ്റു. അതും 35 കിലോഗ്രാം തൂക്കം വരുന്ന ഓരോ കൊട്ട മത്സ്യവും വെറും 300 രൂപയ്ക്ക്.
ചാകരയെന്നാണ് പേരെങ്കിലും ഇന്ധനച്ചെലവുപോലും ലഭിക്കാതെ പോയതിൽ കടൽക്കര നിരാശയിലായി. മത്സ്യക്ഷാമത്തെ തുടർന്ന് ഒരു മാസത്തോളമായി ബോട്ടുകൾ കരയിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മീൻപിടിത്തത്തിനിറങ്ങിയത്. വലയിറക്കിയപ്പോൾതന്നെ ചാകരക്കോള് തടഞ്ഞെങ്കിലും വിലയില്ലാത്ത മീനുമായി കരിയിലേക്കു തിരിക്കേണ്ടി വരികയായിരുന്നു.
പൊന്നാനിയിൽനിന്നു മീൻപിടിത്തത്തിനിറങ്ങിയ മുഴുവൻ ബോട്ടുകാർക്കും പാര മീൻ തന്നെയാണ് ലഭിച്ചത്. ഓരോ തവണ മീൻപിടിത്തത്തിനിറങ്ങുമ്പോഴും വലിയ ബോട്ടുകാർക്ക് അര ലക്ഷം രൂപയോളം ചെലവു വരും. ചെറിയ ബോട്ടുകൾക്കാണെങ്കിൽ 20,000 രൂപയും ചെലവു വരും. പരമ്പരാഗത വള്ളങ്ങൾക്ക് അൽപം ആശ്വസിക്കാനുള്ള വക കിട്ടുന്നുണ്ട്. കഴിഞ്ഞ ആഴ്ച അയലയും മത്തിയുമൊക്കെ വള്ളക്കാർക്ക് കാര്യമായി കിട്ടിയിരുന്നു.
Discussion about this post