കോഴിക്കോട്: ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വിലയുള്ള മരുന്നുകളിലൊന്നായ സോൾഗെൻസ്മ ഇൻജക്ഷൻ മരുന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ രോഗിയായ പെൺകുട്ടിക്ക് നൽകി. ഒറ്റ ഡോസിന് 15.592 കോടി രൂപ (21.25 ലക്ഷം അമേരിക്കൻ ഡോളർ)വിലയുള്ള മരുന്നാണ് നിലമ്പൂർ സ്വദേശികളായ ദമ്പതിമാരുടെ 23 മാസം പ്രായമുള്ള കുട്ടിക്ക് നൽകിയത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ച് തികച്ചും സൗജന്യമായാണ് മരുന്ന് നൽകിയത്.
ഗുരുതര ജനിതകപ്രശ്നങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് സോൾഗെൻസ്മ (zolgensma) എന്ന ഇൻജക്ഷൻ മരുന്ന്. ഈമാസം ഏഴിനാണ് ടൈപ്പ് 2 സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുഞ്ഞിന് മരുന്ന് കുത്തിവെച്ചത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹൻലാലാണ് കുട്ടിയെ ചികിത്സിച്ചത്.രണ്ടുവയസ് വരെ മാത്രമേ ഈ മരുന്ന് കുത്തിവെക്കാൻ ഫെഡറൽ ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയിട്ടുള്ളൂ.
പുതിയ മരുന്നിന് കഴിഞ്ഞവർഷം മേയ് മാസത്തിലാണ് അനുമതിയായത്. ഇന്ത്യയിൽ ഇതുവരെ അഞ്ചുകുഞ്ഞുങ്ങളിലേ ഈ മരുന്ന് പ്രയോഗിച്ചിട്ടുള്ളൂ. ഒരാളിൽ ഒറ്റത്തവണയേ പ്രയോഗിക്കാവൂവെന്നാണ് നിബന്ധന.
രോഗം നേരത്തേ കണ്ടെത്തുന്നതാണ് എസ്എംഎ തകരാറുള്ള കുട്ടികളെ സംബന്ധിച്ച് ഏറ്റവുംപ്രധാനം. ഇന്ത്യയിൽ മൂന്നുകുട്ടികളിൽ മരുന്ന് പ്രയോജനപ്പെട്ടിട്ടുണ്ടെന്നും പത്തുവർഷംനീണ്ട ഗവേഷണത്തിനുശേഷമാണ് ഈ മരുന്ന് വികസിപ്പിച്ചതെന്നും ഡോയ സ്മിലു മോഹൻലാൽ പറയുന്നു.
അഞ്ചുവർഷംമുമ്പ് മരുന്ന് കണ്ടെത്തിയെങ്കിലും കഴിഞ്ഞ വർഷമാണ് പ്രയോഗിക്കാൻ അനുമതിയായത്. ശിശുരോഗവിദഗ്ധരുടെ അന്താരാഷ്ട്രസംഘടന മുഖേനെ സ്വിറ്റ്സർലൻഡ് കേന്ദ്രമായുള്ള ബഹുരാഷ്ട്ര മരുന്നുകമ്പനിയുമായി ഡോ. സ്മിലുവും മിംസ് ആശുപത്രി അധികൃതരും ബന്ധപ്പെട്ടതിന്റെ ഫലമായാണ് മരുന്ന് കോഴിക്കോടും എത്തിയത്.
അതേസമയം, മരുന്ന് സൗജന്യമായി നൽകിയ മരുന്നുകമ്പനിയുടെ പേരുവെളിപ്പെടുത്തരുതെന്ന് കമ്പനിയും ഡോക്ടറുമായി കരാറുണ്ട്. ഉത്പാദകരായ ആഗോള വമ്പൻ മരുന്നുകമ്പനിയുടെ ദീനാനുകമ്പാ പദ്ധതിപ്രകാരം സൗജന്യമായാണ് കുട്ടിക്ക് മരുന്നു കൊടുത്തത്. കരുണാർദ്രമായ ഉപയോഗത്തിനായി അവർ ലോകത്തെ 100 കുട്ടികൾക്ക് ഡോക്ടർമാർമുഖേന മരുന്നുനൽകിയപ്പോൾ കോഴിക്കോട്ടെ കുഞ്ഞും ഉൾപ്പെടുകയായിരുന്നു.
Discussion about this post