തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ബാർ കോഴ ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി വിവാദ വ്യാവസായി ബിജു രമേശ്. കെഎം മാണിക്ക് എതിരായ ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ് വെളിപ്പെടുത്തി. കോൺഗ്രസുകാർ തന്നേയും കുടുംബത്തേയും വേട്ടയാടിയെന്നും താൻ രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.
അന്ന് കെ ബാബുവിന്റെ നിർദേശ പ്രകാരം പലർക്കും പണം വീതം വെച്ച് നൽകിയിരുന്നു. 50 ലക്ഷം രൂപ കെ ബാബുവിന്റെ ഓഫീസിൽ കൊണ്ടു പോയി നൽകി. ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിൽ നൽകി. 25 ലക്ഷം രൂപ വിഎസ് ശിവകുമാറിന്റെ വീട്ടിലെത്തിച്ചുവെന്നും ബിജു രമേശ് പറഞ്ഞു.
ബാർ കോഴ ആരോപണമുന്നയിച്ചതിന്റെ പേരിൽ കോടികൾ തനിക്ക് നഷ്ടമായി. ആരോപണം ഉന്നയിച്ചത് തെറ്റായിപ്പോയെന്ന് പറഞ്ഞ് മാധ്യമങ്ങളോട് വെളിപ്പെടുത്തണമന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി ബന്ധപ്പെട്ടിരുന്നു. എന്ത് വേണമെങ്കിലും ചെയ്യാമെന്നാണ് പറഞ്ഞത്. മാധ്യമങ്ങളോട് പറയേണ്ട കാര്യം ജോൺ കല്ലാട്ടിന്റെ മെയിലിൽ നിന്നും തനിക്ക് വന്നിരുന്നു. ഇക്കാര്യമെല്ലാം അന്വേഷിച്ചാൽ വ്യക്തമാവും.
രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ജോസ് കെ മാണിയുടെ ആരോപണം തെറ്റാണ്. മാണി സാർ എൽഡിഎഫിലേക്ക് പോയിരുന്നെങ്കിൽ ആരോപണം ഉന്നയിക്കില്ലായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. കേസ് ഇല്ലായിരുന്നുവെങ്കിൽ കെഎം മാണി മുഖ്യമന്ത്രിയാവുമായിരുന്നുവെന്നാണ് അറിഞ്ഞത്. അങ്ങനെയെങ്കിൽ ബാറുകളും തുറന്ന് കിട്ടുമായിരുന്നു.
എൽഡിഎഫിന് അഴിമതിക്കാരെ കൂട്ട് പിടിക്കേണ്ട ആവശ്യമില്ലായിരുന്നു. നല്ല രീതിയിൽ മുന്നോട്ട് പോവുന്ന സർക്കാർ ഇങ്ങനെ ചെയ്യേണ്ട കാര്യമില്ലായിരുന്നു. പഴയ സർക്കാർ ഒരു കറവപശുവിനെ പോലെയാണ് ബിസിനസുകാരേയും മറ്റുമെല്ലാം കണ്ടിരുന്നത്. കിട്ടുന്നതെല്ലാം പിടിച്ച് വാങ്ങി. എന്നാൽ ഈ സർക്കാർ വന്ന ശേഷം അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഇനി ജോസ് കെ മാണിയൊക്കെ മുന്നണിയിലേക്ക് വരുന്നതാണ് ആശങ്ക.
Discussion about this post