തിരുവനന്തപുരം: കസ്റ്റംസ് അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആശുപത്രിയില്‍ തുടരണമോ എന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം ഇന്ന്. ആശുപത്രിയില്‍ തുടരേണ്ടതില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്താല്‍ ശിവശങ്കറിനെതിരെ തുടര്‍നടപടിക്കാണ് കസ്റ്റംസ് നീക്കം. ന്യൂറോ സര്‍ജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്.
അതേസമയം ജാമ്യത്തിന് കോടതിയെ സമീപിക്കാനുള്ള സാവകാശമാണ് ആശുപത്രിവാസത്തിലൂടെ ശിവശങ്കര്‍ നേടുന്നതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിഗമനം.
ഡിസ്‌കിന് തകരാറല്ലാതെ, കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത ശിവശങ്കറിന് ചികിത്സയുടെപേരില്‍ സുരക്ഷിതതാവളം ഒരുക്കിയിരിക്കുകയാണെന്ന വിലയിരുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയിരിക്കുന്നത്. അസ്ഥിരോഗവിഭാഗം ഐസിയുവില്‍ കഴിയുന്ന ശിവശങ്കറിന് ശക്തമായ സുരക്ഷാസംവിധാനമാണ് ആശുപത്രി അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ ഐസിയുവില്‍ കഴിയുന്ന എം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത നടുവേദന തുടരുന്നതായി ശിവശങ്കര്‍ ഡോക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരുമോ എന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം ഇന്നുണ്ടാകും. ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പുറത്തിറക്കുന്ന ബുള്ളറ്റിന്‍ ശിവശങ്കറിനെതിരായ കസ്റ്റംസിന്റെ തുടര്‍ നടപടികളില്‍ നിര്‍ണായകമാകും.
Discussion about this post