തിരുവനന്തപുരം: കേരളം കൊവിഡ് പ്രതിരോധത്തിൽ പിന്നോട്ടു പോയെന്ന് വിമർശിച്ചെന്ന തരത്തിൽ പ്രചരിച്ച വാർത്ത കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ നിഷേധിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഓണാഘോഷത്തെ തുടർന്ന് കേരളത്തിൽ കേസുകൾ വർധിച്ച സാഹചര്യം ചൂണ്ടിക്കാട്ടി കൂടിച്ചേരലുകൾ ഉണ്ടായാൽ രോഗവ്യാപനം ഉണ്ടാകുമെന്നും മറ്റു സംസ്ഥാനങ്ങൾ ഇതൊരു പാഠമായി സ്വീകരിക്കണമെന്നുമാണ് കേന്ദ്രമന്ത്രി ഹർഷ വർധൻ പറഞ്ഞതെന്ന് കെകെ ശൈലജ വ്യക്തമാക്കി.
ഇക്കാര്യം വാസ്തവമാണ്. ഈ വസ്തുത മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. കേരളം പരിശോധനകളുടെ എണ്ണം മനപ്പൂർവ്വം കുറച്ചിട്ടില്ല. ലക്ഷണങ്ങളുള്ളവരേയും സമ്പർക്കത്തിൽ വന്നവരേയും രോഗസാധ്യതയുള്ള വിഭാഗങ്ങളേയും കൃത്യമായി പരിശോധിക്കുന്നുണ്ട്. മരണ നിരക്ക് കുറച്ചുനിർത്താനായതാണ് കേരളത്തിന്റെ നേട്ടമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
”കോവിഡ് ബാധ ഉണ്ടായ നാൾ മുതൽ കേരളത്തിലെ പ്രവർത്തനങ്ങൾ ഏറ്റവും ശാസ്ത്രീയമാണെന്നും ശരിയായ രീതിയിൽ കാര്യങ്ങൾ നടത്തുന്നുണ്ടെന്നും പറഞ്ഞ് കേന്ദ്രമന്ത്രി പതിവായി അഭിനന്ദിച്ചിരുന്നു. നല്ല പിന്തുണയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. രാഷ്ട്രീയം നോക്കാതെയാണ് കേരളത്തെ അദ്ദേഹം അഭിനന്ദിച്ചിരുന്നത്. ഏറ്റവും മോശമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു എന്ന രീതിയിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഞാൻ ഇക്കാര്യം മന്ത്രിയോട് നേരിട്ട് ചോദിച്ചു. എന്നാൽ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത് ”- മന്ത്രി വിശദീകരിച്ചു.
അതേസമയം, ആദ്യഘട്ടത്തിൽ രോഗത്തെ നിയന്ത്രിച്ച കേരളം പിന്നീട് പ്രതിരോധത്തിൽ വീഴ്ച്ചകൾ വരുത്തിയെന്നും അതിന്റെ വിലയാണ് ഇപ്പോൾ നൽകുന്നതെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശം. സൺഡേ സംവാദ് പരിപാടിക്ക് മുന്നോടിയായി പുറത്ത് വിട്ട ടീസറിലാണ് മന്ത്രിയുടെ പരാമർശം ഉൾപ്പെട്ടിരിക്കുന്നത്.
കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ രോഗ വ്യാപനം പിടിച്ചുനിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് സമ്പർക്ക രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post