കണ്ണൂർ: താഴെ ചൊവ്വ സ്വദേശിനിയായ സഫിയ (79)യുടെ മരണവുമായി ബന്ധപ്പെട്ട് ചികിത്സിച്ച ആശുപത്രിക്ക് എതിരെ സോഷ്യൽ മീഡിയയിൽ ചിലർനടത്തുന്ന വ്യാജപ്രചാരണങ്ങളെ തള്ളി സ്വന്തം കുടുംബം തന്നെ രംഗത്ത് വന്നു. കൊവിഡ് നെഗറ്റീവായ രോഗിക്ക് ആശുപത്രി അധികൃതർ കൊവിഡ് പോസിറ്റീവെന്ന തെറ്റായ പരിശോധനാ ഫലം നൽകിയെന്ന ആരോപണത്തെയാണ് മരിച്ച സഫിയയുടെ മകനും കുടുംബവും തള്ളിക്കളഞ്ഞിരിക്കുന്നത്. വിശദപരിശോധനയിൽ മാതാവിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു എന്ന് രോഗിയുടെ മകൻ സാക്ഷ്യപ്പെടുത്തുന്നു.
ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ ആസ്റ്റർമിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സഫിയ ചികിത്സ തുടരുന്നതിനിടെ മരണപ്പെടുകയായിരുന്നു. ഇവർക്ക് കൊവിഡ് പോസ്റ്റീവാണെന്നു ആശുപത്രിയിൽ നടത്തിയ വിശദ പരിശോധനയിൽ (ട്രൂനാറ്റ്) സ്ഥിരീകരിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് നടത്തിയ ആന്റിജൻ പരിശോധനയിൽ കൊവിഡ് നെഗറ്റീവെന്നായിരുന്നു ഫലം. ഇതിനെ തുടർന്ന് ബന്ധുക്കൾക്ക് ഉണ്ടായ ആശയക്കുഴപ്പം ചിലർ ആശുപത്രിക്ക് എതിരായ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. ഒടുവിൽ ഇക്കാര്യത്തിൽ വിശദീകരണവുമായി കുടുംബം തന്നെ സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.
രോഗിക്ക് കൊവിഡ് 19 രോഗം ബാധിച്ചിട്ടില്ലായിരുന്നു എന്നും ആശുപത്രി തെറ്റായി കൊവിഡ് പോസിറ്റീവെന്ന് ബന്ധുക്കളെ അറിയിച്ചുവെന്നുമുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടന്നു വരുന്നത്. ആശുപത്രിയിൽ ബന്ധുക്കൾ ബഹളം വെച്ചു എന്നൊക്കെയുള്ള തരത്തിൽ സോഷ്യൽമീഡിയയിലൂടെ പ്രചാരണം വ്യാപകമായതോടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി അന്തരിച്ച സഫിയയുടെ മകൻ ഷറഫുദ്ധീൻ തന്നെ രംഗത്തെത്തിയത്.
തങ്ങളുടെ കുടുംബത്തോടും ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ്മയോടും ആശുപത്രി അധികൃതർ മാന്യമായാണ് പെരുമാറിയതെന്നും കൊവിഡ് പരിശോധനാ ഫലത്തെ കുറിച്ച് ഡോക്ടർ തന്നെ നേരിട്ട് വിശദീകരിച്ചിരുന്നു എന്നും ഷറഫുദ്ധീൻ പറയുന്നു. ഒടുവിൽ, എല്ലാ ആശയക്കുഴപ്പവും നീങ്ങിയതിന് ശേഷമാണ് ആശുപത്രിയിൽ നിന്നും മടങ്ങിയത്. പിസിആർ പരിശേധന നടത്തി സംശയദുരീകരണം നടത്താമെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നെങ്കിലും കാര്യങ്ങൾ വ്യക്തമായതോടെ മൃതദേഹവുമായി മടങ്ങുകയായിരുന്നു തങ്ങളെന്നും ഷറഫുദ്ധീൻ പ്രതികരിച്ചു. ഇപ്പോൾ നടക്കുന്ന വ്യാജപ്രചാരണങ്ങളിൽ തങ്ങളുടെ കുടുംബത്തിനോ ബന്ധുക്കൾക്കോ യാതൊരു പങ്കുമില്ലെന്നും ചിലർ ഗൂഢലക്ഷ്യം വെച്ചാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതെന്നും ഷറഫുദ്ധീൻ വിശദീകരിച്ചു.
അതേസമയം, കുടുംബം തന്നെ കൊവിഡ് പരിശോധനയെ തുടർന്നുണ്ടായ ആശയക്കുഴപ്പം നീങ്ങിയെന്നും യാതൊരു തരത്തിലുള്ള പരാതി ഇല്ലെന്നു പറഞ്ഞിട്ടും ഇപ്പോഴും സോഷ്യൽമീഡിയയിൽ ചിലർ തെറ്റായ പ്രചാരണം തുടരുകയാണ്.അസത്യ പ്രചാരണത്തിനെതിരെ നിയമ നടപടി ആലോചിക്കുന്നുണ്ടെന്നു ആശുപത്രിവൃത്തങ്ങൾ പറഞ്ഞു.
ജീവൻ പോലും പണയം വെച്ച് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥതയേയും അർപ്പണ മനസ്സിനെയും അപമാനിക്കുന്ന ഇത്തരം വാർത്തക്കെതിരെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെല്ലാം പ്രതിഷേധിക്കുകയാണ്.
അതേസമയം ആസ്റ്റർ മിംസിനെതിരെ ബോധപൂർവ്വമായ അപവാദ പ്രചാരണം ഉണ്ടാക്കുന്നതിന്റെ പിന്നിൽ പ്രതിയോഗികളായ മറ്റു ചില ആശുപത്രി മാനേജുമെന്റുകളാണെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post