ഐപിഎസ് ലഭിച്ചാല്‍ യൂണിഫോമിട്ട് അയ്യപ്പ സ്വാമിയെ കാണാൻ സന്നിധാനത്തെത്തുമെന്ന് വഴിപാട്; ആഗ്രഹിച്ചതുപോലെ നടന്നു, അര്‍ധരാത്രി ഒറ്റയ്ക്ക് മലചവിട്ടി വിജയകുമാര്‍

പത്തനംതിട്ട: തനിക്ക് ഐപിഎസ് ലഭിച്ചാല്‍ പൊലീസ് യൂണിഫോമിട്ട് സന്നിധാനത്തെത്തി ദര്‍ശനം നടത്താമെന്ന് വിജയകുമാര്‍ നാരായണന്റെ വഴിപാടായിരുന്നു. ആഗ്രഹിച്ചതുപോലെ ഐപിഎസ് ലഭിച്ചതോടെ അനുഗ്രഹ വര്‍ഷത്തിന് അയ്യപ്പ സ്വാമിയോടുള്ള തീരാത്ത കടപ്പാടുമായി വിജയകുമാര്‍ നാരായണന്‍ ഇരുമുടിക്കെട്ടുമായി അര്‍ധരാത്രി മലചവിട്ടി.

ഒറ്റയ്ക്കായിരുന്നു സന്നിധാനത്തേക്കുള്ള യാത്ര. 7 മാസത്തിനു ശേഷം തീര്‍ഥാടകരെ അനുവദിച്ചപ്പോള്‍ ആദ്യം പടികയറി ദര്‍ശനം നടത്താനുള്ള ഭാഗ്യം ലഭിച്ചതും വിജയകുമാറിനാണ്. വിജയകുമാര്‍ 2017 മുതല്‍ ഐപിഎസ് ശുപാര്‍ശ ചെയ്ത പട്ടികയിലുണ്ട്. ഗ്രേഡ് കിട്ടിയെങ്കിലും ഐപിഎസ് ലഭിച്ചില്ല.

2018 ജൂലൈ 31ന് സര്‍വീസില്‍ നിന്നു വിരമിച്ചെങ്കിലും ഓഗസ്റ്റ് 30ന് ഐപിഎസ് ലഭിച്ചു. എറണാകുളത്ത് എസ്എസ്ബി എസ്പിയായി കഴിഞ്ഞ 9ന് ചുമതലയേറ്റു. അന്നു മുതല്‍ വഴിപാട് പൂര്‍ത്തിയാക്കാന്‍ അയ്യപ്പ സന്നിധിയില്‍ എത്താനുള്ള ആഗ്രഹത്തിലായിരുന്നു.

തുലാമാസ പൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് അറിഞ്ഞ് വെര്‍ച്വല്‍ ക്യുവില്‍ ബുക്ക് ചെയ്തു. പമ്പയില്‍ എത്തിയപ്പോള്‍ വെള്ളിയാഴ്ച രാത്രി 11.30 കഴിഞ്ഞു. ഗണപതിക്കോവിലില്‍ കെട്ടുനിറച്ച് കഴിഞ്ഞപ്പോള്‍ ഒരുമണിയായി. പുലര്‍ച്ചെ നട തുറക്കുമ്പോള്‍ പതിനെട്ടാംപടി കയറി ദര്‍ശനം നടത്തണമെന്ന് ആഗ്രഹം മനസ്സിലിട്ട് ശരണംവിളിച്ച് മലകയറി.

വഴിയില്‍ കോട മഞ്ഞും ചാറ്റല്‍ മഴയുമുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെ 4 മണിയോടെ വിജയകുമാര്‍ സന്നിധാനത്തെത്തി. കുളിച്ചു വസ്ത്രം മാറി ഐപിഎസ് യൂണിഫോമില്‍ 4.30ന് പതിനെട്ടാംപടിക്കു മുന്നിലെത്തി കാത്തുനിന്നു. 5.45 കഴിഞ്ഞാണ് കടത്തിവിട്ടത്. പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ കണ്ട് തൊഴുതാണ് വിജയകുമാര്‍ മടങ്ങിയത്.

Exit mobile version