തിരുവനന്തപുരം: ചിറയന്‍കീഴില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന് ബിജെപിയില്‍ ചേര്‍ന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസിലേയ്ക്ക് തിരികെ വന്നു. വെള്ളിയാഴ്ചയാണ് ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലുള്ള മുദാക്കല്‍ സ്വദേശി എം മിഥുന് ബിജെപിയില്‍ അംഗമായത്.
ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷാണ് മിഥുനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പാര്‍ട്ടി ജില്ലാ ഓഫീസില്‍ വെച്ച് വിവി രാജേഷ് മിഥുനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തില്‍ മനം മടുത്താണ് മിഥുന് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് വിവി രാജേഷ് പറയുകയും ചെയ്തിരുന്നു.
എന്നാല്‍ ഇയാള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രസ്താവന ഇറക്കി. ഇതിന് പിന്നാലെ, ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂര്‍ തികയുന്നതിന് പിന്നാലെ മിഥുന് തിരികെ കോണ്‍ഗ്രസിലേയ്ക്ക് തന്നെ വരികയായിരുന്നു. എന്നാല്‍, സംഭവത്തില്‍ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. മിഥുനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയൊ വിവി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
Discussion about this post