തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിടുന്ന രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ളാദ് സിങ് പട്ടേല്‍ വിളിച്ചു ചേര്‍ത്ത വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയുടെ തിരിച്ചുവരവിന് സമഗ്രമായ പദ്ധതി ആവശ്യമാണ്. ഇതിനായി ഈ രംഗത്തെ സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കുമായി പ്രത്യേക വായ്പാ പദ്ധതികളും സാമ്പത്തിക ഉത്തേജന പാക്കേജുകളും പ്രഖ്യാപിക്കണമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായി 465 കോടിയുടെ ഉത്തേജന പാക്കേജ് കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം സംരംഭകര്‍ക്കും ഈ മേഖലയിലെ തൊഴിലാളികള്‍ക്കും അംഗീകൃത ഗൈഡുകള്‍ക്കുമായുള്ള സബ്സിഡിയോടെയുള്ള വായ്പാ പദ്ധതിയാണ് ഇതില്‍ പ്രധാനം. ഹൗസ്ബോട്ടുകളുടെ മെയിന്റനന്‍സിനായി 1.2 ലക്ഷം വരെ തിരിച്ചടവില്ലാത്ത പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ ടൂറിസം മേഖലയില്‍ പ്രത്യേക നികുതിയിളവുകളും സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി യോഗത്തെ അറിയിച്ചു.
സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ യാത്ര സുഗമമാക്കുവാന്‍ വേണ്ട ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കണം.കൊവിഡ് സാഹചര്യത്തില്‍ മറ്റേത് മേഖലയെക്കാളും തിരിച്ചടി നേരിട്ട ടൂറിസം മേഖലയുടെ പൂര്‍ണമായ തിരിച്ചുവരവ് വൈകുമെന്നതിനാല്‍ ടൂറിസം സംരഭകരുടെ വായ്പകള്‍ക്ക് 2021 മാര്‍ച്ച് വരെയെങ്കിലും മൊറട്ടോറിയം നീട്ടണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. ആഭ്യന്തര ടൂറിസം രംഗത്തിന്റെ ഉണര്‍വിനായി കേന്ദ്രം പ്രത്യേക മാര്‍ക്കറ്റിംഗ് ക്യാമ്പയിന്‍ സംഘടിപ്പിക്കണം. ടൂറിസം മേഖലയിലെ പ്രതിസന്ധി അതിജീവിക്കാന്‍ കൂട്ടായ പരിശ്രമവും നിരന്തര ആശയവിനിമയവും ഇടപെടലും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ലോക്ക്ഡൗണ്‍ കാലയളവില്‍ വിദേശവിനോദസഞ്ചാരികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി നടത്തിയ നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്നും യോഗത്തെ അഭിസംബോധന ചെയ്ത കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ളാദ് സിങ് പട്ടേല്‍ പറഞ്ഞു.
സ്വന്തം രാജ്യത്തെക്കാള്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നത് കേരളത്തിലാണെന്നും ഇവിടെ തന്നെ തങ്ങുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദേശവിനോദസഞ്ചാരി ഹൈക്കോടതിയെ സമീപിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ടൂറിസം മന്ത്രിമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി യോഗത്തില്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ടൂറിസം മന്ത്രിമാര്‍, കേന്ദ്ര ടൂറിസം സെക്രട്ടറി, സംസ്ഥാന ടൂറിസം സെക്രട്ടറിമാര്‍, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post