കൊല്ലം: നൂറ്റിപതിനൊന്ന് ജീവനുകൾ അപഹരിച്ച പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്ന് നാല് വർഷങ്ങൾക്കിപ്പുറം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതി അംഗങ്ങളും അടക്കം 52പേരാണ് പ്രതികൾ. കൊല്ലം പരവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അനുവദനീയമായ അളവിലും കൂടുതൽ വെടിമരുന്ന് ശേഖരിച്ചെന്ന് കുറ്റപത്രത്തിലുണ്ട്. 2016 ഏപ്രിൽ പത്താം തീയതിയാണ് പുറ്റിങ്ങൽ ഊഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വെടിക്കെട്ട് അപകടമുണ്ടായത്.
അപകടത്തിൽ ഉദ്യോഗസ്ഥർക്ക് പൂർണമായും ക്ലീൻ ചിറ്റ് നൽകിയാണ് അന്വേഷണ റിപ്പോർട്ട് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് അപകടത്തിന് കാരണക്കാരായതെന്നും ഇത്രയും കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചാൽ അപകടമുണ്ടാകുമെന്ന് കൃത്യമായി ഇവർക്ക് അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. അറിഞ്ഞുകൊണ്ട് ഇത്രയേറെ അളവിൽ വെടിമരുന്ന് അവിടെ സൂക്ഷിച്ചത് വലിയ കുറ്റമാണ്. വലിയ വെടിക്കെട്ട് നടത്തരുതെന്ന നിർദേശം ഉദ്യോഗസ്ഥർ വാക്കാലും രേഖാമൂലവും നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാൻ ക്ഷേത്ര ഭരണസമിതി ഭാരവാഹികളോ വെടിക്കെട്ട് നടത്തിപ്പുകാരോ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് വൻഅപകടം ഉണ്ടായതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥനും നിലവിലെ ആലപ്പുഴ എസ്പിയുമായ പിഎസ് സാബു ഇന്നു രാവിലെയാണ് പരവൂർ കോടതിയിൽ എത്തി കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് നേരത്തെ ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയിരുന്നു. എന്നാൽ ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ ഇല്ല. ഉദ്യോഗസ്ഥർക്കെല്ലാം ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
Discussion about this post