ഹരിപ്പാട്: ആലപ്പുഴയിലെ ക്ഷീരകര്‍ഷരെ ആശങ്കയിലാക്കി അഞ്ജാതരോഗം ബാധിച്ച് കന്നുകാലികള്‍ ചത്തു വീഴുന്നു. അപ്പര്‍കുട്ടനാട്ടിലെ കന്നുകാലികള്‍ക്കിടയിലാണ് അഞ്ജാതരോഗം കണ്ടെത്തിയത്. ഇതിനോടകം നിരവധി കന്നുകാലികളാണ് രോഗത്തെ തുടര്‍ന്ന് ചത്തൊടുങ്ങിയത്. വീയപുരത്താണ് ഏറ്റവും കൂടുല്‍ കന്നുകാലികള്‍ അഞ്ജാതരോഗം ബാധിച്ച് ചത്തത്.
അജ്ഞാത രോഗം ബാധിച്ച് പത്തിലധികം പശുക്കളും പന്ത്രണ്ടോളം ആടുകളുമാണ് ചത്തൊടുങ്ങിയത്. നന്ദന്‍കേരില്‍ അബ്ദുല്‍ സത്താറിന്റെ 60,000 രൂപയോളം വില വരുന്ന കറവപ്പശു കഴിഞ്ഞ ദിവസം ചത്തു. പാളയത്തില്‍ കോളനിയില്‍ സുധാകരന്, അടിച്ചേരില്‍ സജീവ്, പോളത്തുരുത്തേല്‍ ഷാനി, കുഞ്ഞുമോന്, അബ്ദുല്‍മജീദ്, നന്ദന്‍കേരില്‍ കൊച്ചുമോന്, പാളയത്തില്‍ സോമന് എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം വന്ന് ചത്തത്.
കന്നുകാലികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന രോഗം സ്ഥിരീകരിക്കാത്തതിനാല്‍ കൂടുതല്‍ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ ആലപ്പുഴയ്ക്ക് അയച്ചിരിക്കുകയാണെന്ന് വീയപുരം വെറ്ററിനറി സര്ജന് പറഞ്ഞു. ദഹനക്കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. നാവില്‍ നിന്ന് ഉമിനീര് വരികയും തുടര്‍ന്ന് തീറ്റയെടുക്കാതെ നുരയും പതയും വന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടാണ് എല്ലാ കന്നുകാലികളും ചത്തത്. മേഖലയിലെ കൂടുതല്‍ പശുക്കളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയത് ക്ഷീരകര്‍ഷകരില്‍ ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
എന്നാല്‍ കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലമാണ് ആടുകള്‍ ചത്തതെന്നാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ അഭിപ്രായം. മിക്ക പശുക്കളും തളര്‍ന്ന് വീഴുന്നുണ്ടെന്നും ചികിത്സയ്ക്ക് ഭീമമായ തുക ചെലവഴിച്ചിട്ടും ഉപജീവനമാര്‍ഗമായ കന്നുകാലികളുടെ ജീവന് രക്ഷിക്കാന്‍ കഴിയുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. സംഭവത്തിന്റെ ദുരൂഹത നീക്കാന്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Discussion about this post