കോഴിക്കോട്: ജോലി ചെയ്തു വന്ന ഹോട്ടലിൽ നിന്ന് രണ്ടുലക്ഷത്തിലേറെ രൂപ കവർന്ന് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. കൂത്തുപറമ്പ് പുത്തൻപുരയിൽ പിപി മുഹമ്മദ് അറാഫത്തിനെയാണ് (19) ടൗൺ എസ്‌ഐ കെടി. ബിജിത്തും സംഘവും പിടികൂടിയത്.
ലിങ്ക് റോഡിലെ ഒരു ഹോട്ടലിലെ തൊഴിലാളിയായിരുന്ന അറാഫത്ത് ഹോട്ടലിൽനിന്ന് 2,23,000 രൂപയാണ് അറാഫത്ത് കവർന്നത്. മേശയിൽ സൂക്ഷിച്ച പണം തിങ്കളാഴ്ച രാത്രി കവർന്ന് ടാക്‌സിയിൽ തലശ്ശേരിയിൽ പോയി ലോഡ്ജിൽ താമസിക്കവേയാണ് പിടിയിലായത്.
കവർന്ന പണമുപയോഗിച്ച് പ്രതി 25,000 രൂപയുടെ മൊബൈൽ ഫോൺ വാങ്ങുകയും 15,000 രൂപയോളം ചെലവാക്കുകയും ചെയ്തുവെന്ന് പോലീസ് കണ്ടെത്തി. ബാക്കി തുക കണ്ടെടുത്തതായും പോലീസ് അറിയിച്ചു. കവർച്ചയുമായി ബന്ധപ്പെട്ട് അറാഫത്തിനെ നേരത്തെ നല്ലളം പോലീസ് പിടികൂടിയിരുന്നുവെങ്കിലും പ്രായപൂർത്തിയാവാത്തതിനാൽ കേസെടുത്തിരുന്നില്ല.