വിജയ് പി നായര്‍ ക്ഷണിച്ചു, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണ് താമസസ്ഥലത്തേക്ക് പോയത്; ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിജയ് പി. നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

അപേക്ഷ 23ന് വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണു വിജയ് പി. നായരുടെ താമസ സ്ഥലത്തു പോയതെന്നുമാണു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും പറയുന്നത്.

വിജയ് പി. നായര്‍ ക്ഷണിച്ചിട്ടാണു അവിടേക്ക് പോയതെന്നും അപേക്ഷയിലുണ്ട്. കഴിഞ്ഞ മാസം 26 നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.

സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. പ്രമുഖരടക്കമുള്ളവര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

Exit mobile version