വിമര്‍ശനം ഉയര്‍ന്നതോടെ വാര്‍ത്ത തിരുത്തി മാതൃഭൂമി; പ്ലാസ്മ തെറാപ്പി നടത്തിയത് ഡിവൈഎഫ്‌ഐയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് വിശദീകരണം

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് പ്ലാസ്മ തെറാപ്പിയുടെ പ്രാധാന്യം സംബന്ധിച്ച് നല്‍കിയ വാര്‍ത്തയില്‍ ഡിവൈഎഫ്‌ഐയെ അവഗണിച്ച് നല്‍കിയ വാര്‍ത്ത തിരുത്തി മാതൃഭൂമി ദിനപത്രം.സമൂഹത്തിന്റെ വിവിധ കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് മാതൃഭൂമി വാര്‍ത്ത തിരുത്തിയത്. കൊവിഡ് പ്രതിരോധത്തിന് പ്ലാസ്മ തെറാപ്പിയുടെ പ്രാധാന്യം സംബന്ധിച്ച് നല്‍കിയ വാര്‍ത്തയില്‍, പ്ലാസ്മദാനത്തിന് സന്നദ്ധരായി ഒരു സംഘടനയിലെ ചെറുപ്പക്കാര്‍’ എത്തി എന്ന് സംഘടനയുടെ പേര് പറയാതെ മാതൃഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഡിവൈഎഫ്‌ഐയാണ് രോഗമുക്തരായവരുടെ പ്ലാസ്മ ദാന ക്യാമ്പയിന്‍ സംഘടിപ്പിച്ചതെന്ന ഭാഗം മാതൃഭൂമി അവഗണിക്കുകയായിരുന്നു.

ഒക്ടോബര്‍ 9 ചെ ഗുവേര അനുസ്മരണ ദിനത്തിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാനവ്യാപകമായി പ്ലാസ്മദാന ക്യാമ്പയിന് സംഘടിപ്പിച്ചത്. പരിപാടി ഏറെ ശ്രദ്ധിക്കപ്പെടുകയും ആരോഗ്യപ്രവര്‍ത്തകരുടെയടക്കം പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്ത നല്‍കിയപ്പോള്‍ സംഘടനയുടെ പേര് മാതൃഭൂമി അവഗണിക്കുകയായിരുന്നു. വാര്‍ത്ത നല്‍കിയ രീതിക്കെതിരെ ഡിവൈഎഫ്‌ഐ നേതാക്കളടക്കം നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എഎ റഹിം ഈ വിഷയം ഉന്നയിക്കുകയും ചെയ്തു.

ഇതോടെയാണ് തിരുത്തുമായി മാതൃഭൂമി പുതിയ വാര്‍ത്ത നല്‍കിയത്. ആശുപത്രി അധികൃതരില്‍ നിന്ന് കൃത്യമായ വിവരം ലഭിച്ചില്ലെന്നും അതിനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്ലാസ്മ ദാനത്തിനെത്തിയതെന്ന് വാര്‍ത്തയില്‍ പറയാതിരുന്നതെന്നാണ് മാതൃഭൂമിയുടെ വിശദീകരണം. ഡിവൈഎഫ്‌ഐ ക്യാമ്പയിനെക്കുറിച്ചും പുതിയ വാര്‍ത്തയില്‍ വിശദമായ വിവരം നല്‍കി.

Exit mobile version