തിരുവനന്തപുരം: യുഡിഎഫിലേക്ക് പോകാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ജനപക്ഷം നേതാവ് പിസി ജോര്‍ജ് എംഎല്‍എ. യുഡിഎഫിലേക്ക് പോകാന്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആളുകളും ആവശ്യപ്പെടുന്നുണ്ടെന്നും മുന്നണി പ്രവേശനത്തിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
എന്നാല്‍, അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് യു.ഡി.എഫ്. നേതൃത്വമാണെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അതേസമയം, പാര്‍ട്ടിയില്‍ ഒരു വിഭാഗം എന്‍ഡിഎ മുന്നണിയിലേക്ക് തിരികെ പോകണമെന്ന അഭിപ്രായക്കാരാണെന്നും അതിനാല്‍ ഏത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
യുഡിഎഫ് പ്രവേശനം സംബന്ധിച്ച് നിലവില്‍ ചരച്ചകളൊന്നും നടക്കുന്നില്ല. ഇടത് മുന്നണിയിലേക്ക് ജോസ് കെ.മാണി പോയത് താത്കാലികാടിസ്ഥാനത്തില്‍ എല്‍ഡിഎഫിനും ജോസ് വിഭാഗത്തിനും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഇക്കാര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയാതെ ഒന്നും പറയാന്‍ സാധിക്കില്ലെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ജോസിന് എത്രനാള്‍ സ്വന്തം അണികളെയും നേതാക്കളെയും പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് കണ്ടറിയണം. ജോസ് വിഭാഗത്തിലെ വലിയൊരു വിഭാഗം ആളുകളും യുഡിഎഫ് മാനസികാവസ്ഥ ഉള്ളവരാണെന്നും അവര്‍ താമസിയാതെ യുഡിഎഫിലേക്ക് തിരികെ പോകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ചിലപ്പോള്‍ അധികം താമസിക്കാതെ തന്നെ ജോസ് കെ. മാണി യുഡിഎഫിലെത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഇരുമുന്നണികളെയും നേരിട്ട് സ്വതന്ത്രമായാണ് താന്‍ വിജയിച്ചത്. അവിടെ മറ്റ് ഭീഷണികളൊന്നും തന്നെയില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
Discussion about this post