“അക്കിത്തം ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ മഹാകവി, അദ്ദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യത്തിനും സാംസ്‌കാരിക ലോകത്തിനും വലിയ നഷ്ടം”; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തം. അദ്ദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യത്തിനും സാംസ്‌കാരിക ലോകത്തിനും വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റ്:

ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തം. നിരുപാധികമായ സ്‌നേഹം പ്രപഞ്ചത്തിന്റെ അടിസ്ഥാന ശക്തിയാവണമെന്ന് എന്നും ആഗ്രഹിക്കുകയും ആ ആഗ്രഹം കവിതയിലേക്ക് പകര്‍ത്തുകയും ചെയ്ത കവിയായിരുന്നു അദ്ദേഹം. മലയാള കാവ്യചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ പര്യായമായി അക്കിത്തം അടയാളപ്പെടുത്തപ്പെട്ടു. മലയാള കവിതയിലേക്ക് ആധുനികതയെ ആദ്യമായി കൊണ്ടുവന്നത് അക്കിത്തത്തിന്റെ ‘ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസവും’ ‘ഇടിഞ്ഞുപൊളിഞ്ഞ ലോകവും’ പോലുള്ള കവിതകളാണ്.

മറ്റുള്ളവര്‍ക്ക് ഒരു പുഞ്ചിരി നീട്ടുമ്പോള്‍ തന്റെ മനസ്സില്‍ പൂനിലാവ് വിരിയുകയാണെന്നും മറ്റുള്ളവര്‍ക്കായ് ഒരു കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ തന്റെ ആത്മാവില്‍ ആയിരം സൂര്യനുദിക്കുകയാണെന്നും കവി പാടി. അക്കിത്തത്തിന്റെ ജീവിത ദര്‍ശനം ഈ വരികളിലുണ്ട്.
‘നിരത്തില്‍ കാക്ക കൊത്തുന്നു
ചത്ത പെണ്ണിന്റെ കണ്ണുകള്‍
മുല ചപ്പി വലിക്കുന്നു
നരവര്‍ഗ നവാതിഥി’-എന്നും മറ്റുമുള്ള വരികളിലൂടെ പൊള്ളിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് ആസ്വാദകരുടെ മനസ്സിനെ എത്തിച്ചത് അക്കിത്തമാണ്. ഇടിഞ്ഞുപൊളിഞ്ഞ ഒരു ലോകം അദ്ദേഹം കവിതയിലൂടെ അവതരിപ്പിച്ചു. അതാകട്ടെ, വര്‍ണാഭമായ ലോകത്തെക്കുറിച്ച് മാത്രം കവികള്‍ എഴുതിക്കൊണ്ടിരുന്ന ഘട്ടത്തിലാണ്. ആ അര്‍ത്ഥത്തിലാണ് അക്കിത്തം ആധുനികതയുടെ പതാകവാഹകനാകുന്നത്.

താന്‍ ജീവിച്ച കാലത്തെ അനീതികളോടുള്ള രോഷമാണ് ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന വരികളില്‍ പ്രകടമാകുന്നത്. മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും വലിയ ഈടുവയ്പ്പായിക്കഴിഞ്ഞിട്ടുണ്ട് അക്കിത്തം കവിത. അദ്ദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യത്തിനും സാംസ്‌കാരിക ലോകത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു.

Exit mobile version