കൊച്ചി: വഴിയരികില്‍ ബിരിയാണി വില്‍ക്കാനൊരുങ്ങി ചലച്ചിത്ര-നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍. വഴിയോര ബിരിയാണി കച്ചവടം നടത്തി വന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം വഴിയോര കച്ചവടത്തിന് ഇറങ്ങുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ഇരുമ്പനത്താണ് സജനക്കൊപ്പം സന്തോഷ് ബിരിയാണി വില്‍പനയില്‍ പങ്കാളിയാകുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ബിരിയാണി വില്‍പ്പനയെന്ന് അദ്ദേഹം അറിയിച്ചു. സമൂഹത്തിലെ ചിലര്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിക്കുന്നുവെന്നും എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശമാണ് എന്ന് ഓര്‍മ്മിപ്പിക്കാനുമാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനാനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ കരഞ്ഞ് പറഞ്ഞത്. തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജി പറയുന്നത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇതിനു പിന്നാലെ സജനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു.