കരിപ്പൂർ: സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാന ദുരന്തമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഇതുവരെ പ്രാഥമിക നിഗമനം പോലുമായില്ല. അപകടം നടന്ന് രണ്ടുമാസം കഴിഞ്ഞിട്ടും അപകടത്തിന്റെ പ്രാഥമിക നിഗമനംപോലുംഅന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
രാജ്യത്തെ വിമാനാപകടങ്ങൾ അന്വേഷിക്കുന്നതിൽനിന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ ഡിജിസിഎ മാറ്റി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ചുമതല നൽകിയതാണ് ഈ വൈകലിന് കാരണമെന്നാണ് റിപ്പോർട്ട്. 2012ലാണ് രാജ്യത്ത് വിമാനാപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക ഏജൻസി രൂപംകൊണ്ടത്. അതുവരെയുള്ള വിമാനാപകടങ്ങളിൽ ഡിജിസിഎ ആയിരുന്നു അന്വേഷണ ഏജൻസി.
പത്തുദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു അന്നത്തെ നിയമം. 2010ൽ നടന്ന മംഗലാപുരം വിമാനാപകടത്തിൽ ചുരുങ്ങിയ സമയംകൊണ്ടുതന്നെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ഇവർക്കായിരുന്നു. പുതിയ അന്വേഷണ ഏജൻസി നിലവിൽവന്നതോടെ 10 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് എന്ന നിയമത്തിൽ മാറ്റംവരുത്തിയതാണ് അന്വേഷണം നീളാൻ കാരണം.
ഡിജിസിഎയ്ക്ക് ആവശ്യമായ സാങ്കേതിവിദഗ്ധരും അന്വേഷണ വിദഗ്ധരുമുണ്ട്. ഒരപകടമുണ്ടായാൽ കുറഞ്ഞ സമയത്തിനകംതന്നെ കാരണം കണ്ടെത്താൻ ഇതിനാൽ ഇവർക്കാകും. എന്നാൽ എഎഐബിക്ക് സാങ്കേതികവിദഗ്ധരെയും മറ്റും കണ്ടെത്തി അന്വേഷണം ഏൽപ്പിക്കണം. വിദേശങ്ങളിൽനിന്നുള്ള സാങ്കേതിക വിദഗ്ധരെയാണ് പലപ്പോഴും ഇവർ സമീപിക്കുന്നത്. കരിപ്പൂരിൽ ഏഴ് വിദേശ ഏജൻസികളാണ് അന്വേഷണം നടത്തുന്നത്. ഇവരുടെയെല്ലാം റിപ്പോർട്ടുകൾ ലഭ്യമായാൽ മാത്രമേ അന്തിമ റിപ്പോർട്ട് തയ്യാറാക്കാനാകൂ. ഇതിന് മാസങ്ങളെടുക്കും.
സാധാരണഗതിയിൽ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ (ബ്ലാക്ക് ബോക്സ്) പരിശോധിക്കുന്നതോടെതന്നെ അപകടത്തിന്റെ 99 ശതമാനം കാര്യങ്ങളും വ്യക്തമാകുമെന്ന് വിദഗ്ധർ പറയുന്നു. കരിപ്പൂരിൽ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ പരിശോധന പൂർത്തിയായിട്ടുണ്ടെങ്കിലും മറ്റു ഏജൻസികളുടെ റിപ്പോർട്ടുകൾകൂടി ലഭ്യമായാൽ മാത്രമേ നിഗമനത്തിലെത്താനാകൂ എന്നാണ് എഎഐബിയുടെ നിലപാട്.
Discussion about this post