കൊച്ചി: നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയ കേസിലെ പ്രതികൾക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് എൻഐഎ ആരോപണം. ഇതിന്റെ സൂചനകൾ ലഭിച്ചതായി അന്വേഷണസംഘം കോടതിയിൽ ബോധിപ്പിച്ചു. കേസിലെ പ്രധാന പ്രതികളിലൊരാളായ കെടി റമീസ് വിദേശത്തുനിന്ന് ആയുധങ്ങൾ കേരളത്തിലേക്കു കടത്തിയിട്ടുണ്ടെന്നും എൻഐഎ പ്രതികളുടെ ജാമ്യഹർജികളുടെ വാദത്തിനിടയിൽ കോടതിയെ ബോധിപ്പിച്ചു.
അതേസമയം, പ്രതികളുടേത് ഗുരുതര ക്രിമിനൽ പ്രവൃത്തിയാണെന്നു നിരീക്ഷിച്ച കോടതി ഇവർക്കുമേൽ യുഎപിഎ ചുമത്താനുള്ള കാര്യങ്ങൾ വിശദമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി 90ഓളം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് എൻഐഎ അറിയിച്ചു. ഇതിൽ 22 ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നുള്ള രേഖകൾ മാത്രമേ തിരിച്ചെടുക്കാൻ സാധിച്ചിട്ടുള്ളൂ. കേസ് രജിസ്റ്റർ ചെയ്തശേഷവും ചില പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു. അവ തിരിച്ചെടുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും എൻഐഎ പറഞ്ഞു.
ഫോറൻസിക് പരിശോധനാഫലം സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പരിശോധനാ ഫലത്തിനായി ഒരു മാസംമുമ്പ് അപേക്ഷ നൽകിയിട്ടും ഇതുവരെ റിപ്പോർട്ട് ലഭിച്ചില്ലെന്നും പ്രോസിക്യൂട്ടർ ധരിപ്പിച്ചു.
യുഎഇ, ടാൻസാനിയ എന്നിവിടങ്ങളിലും ആഴത്തിൽ അന്വേഷണം നടത്തേണ്ട കേസാണിത്. ഇതിനാവശ്യമായ സമയം ലഭിക്കണം. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് എൻഐഎ പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പറ്റ അഭ്യർഥിച്ചു. കേസിലെ 10 പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷകളിൽ വ്യാഴാഴ്ച വാദം തുടരും.
Discussion about this post