കോട്ടയം: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
ഇടതുമുന്നണിയിലേക്ക് പോയ ജോസ് കെ മാണി ചെയ്തത് രാഷ്ട്രീയ വഞ്ചനയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരള കോണ്‍ഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാള്‍ക്ക് പോലും ജോസ് കെ മാണിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരള കോണ്‍ഗ്രസിനെ സ്നേഹിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ജനവിഭാഗങ്ങള്‍ ഇത് അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
എല്ലാ രാഷ്ട്രീയ മര്യാദകളും ജോസ് കെ മാണി ലംഘിച്ചു, പാലായിലെ തോല്‍വിക്ക് കാരണം ജോസിന്റെ അപക്വമായ നിലപാടുകളായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും രാജ്യസഭാംഗത്വം രാജിവെക്കുകയാണെന്നും വാര്‍ത്ത സമ്മേളനത്തിലാണ് ജോസ് കെ മാണി അറിയിച്ചത്.
ഉപാധികളില്ലാതെയാണ് മാറുന്നത്. കേരള കോണ്‍ഗ്രസിന്റെ നിലപാടാണ് ഇപ്പോള്‍ അറിയിച്ചതെന്നും മറ്റ് കാര്യങ്ങള്‍ എല്‍ഡിഎഫുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് കടുത്ത അനീതിയാണ് മാണിസാറിന്റെ പാര്‍ടി നേരിട്ടത്.
38 വര്‍ഷത്തിനപ്പുറം യുഡിഎഫ് കെട്ടിപ്പടുത്തത് കെ എം മാണിയാണ്. അദ്ദേഹത്തിന്റെ പാര്‍ടിയേയും പാര്‍ടിക്കൊപ്പം നില്‍ക്കുന്ന ജനവിഭാഗങ്ങളേയുമാണ് കോണ്‍ഗ്രസിലെ ചിലര്‍ അപമാനിച്ചത്. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പി ജെ ജോസഫിനൊപ്പം ചേര്‍ന്ന് പിന്നില്‍ നിന്ന് കുത്തുകയാണ് ഉണ്ടായത്.വര്‍ഗീയതയെ ചെറുക്കാനും മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും ഇടതുപക്ഷത്തിനേ കഴിയൂവെന്നും ജോസ് കെ മാണി പറഞ്ഞു.
Discussion about this post