തിരുവനന്തപുരം: കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്ക് പോവുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടപടിയെ അപലപിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജോസ് കെ മാണ് യുഡിഎഫിൽ ചേർന്നത് നിർഭാഗ്യകരമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി, നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി യുഡിഎഫിന്റെ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നിന്നെന്നും ചൂണ്ടിക്കാണിച്ചു.
ഇടതുമുന്നണിക്കെതിരേ തോളാടുതോൾ ചേർന്നുനിന്ന് ഇത്രയും കാലം കെഎം മാണി പോരാടി. ഇത്തരമൊരു തീരുമാനം മാണി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികൾ ഈ തീരുമാനം അംഗീകരിക്കുകയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജ ആരോപണങ്ങൾകൊണ്ട് മൂടി. മാണി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തിൽ സിപിഎമ്മിനെതിരേ യുഡിഎഫ് ശക്തമായി പോരാടി. അപവാദങ്ങളിൽ നിന്നും ആരോപണങ്ങളിൽ നിന്നും അഗ്നിശുദ്ധി വരുത്തി പുറത്തുവരാൻ യുഡിഎഫ് മാണിക്കൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണ്. ഇത് മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മാണിക്കെതിരേ അന്നു നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളിൽ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോൾ പറയുന്നത് രാഷ്ട്രീയപാപ്പരത്തമാണ്. നിർവ്യാജമായ ഒരു ഖേദപ്രകടിപ്പിക്കണം. സിപിഎമ്മിന്റെ കക്ഷത്തിൽ തലവച്ചവരൊക്കെ പിന്നീട് ദു:ഖിച്ചിട്ടുണ്ട്. വികസനവും കരുതലും എന്നതായിരുന്നു യുഡിഎഫ് സർക്കാരിന്റെ മുഖമുദ്ര. അതിൽ കരുതലിന്റെ മുഖമായിരുന്നു മാണി പ്രധാന പങ്കുവഹിച്ച കാരുണ്യ പദ്ധതി, റബർ വിലസ്ഥിരതാ പദ്ധതി തുടങ്ങിവ. ഈ പദ്ധതികളെല്ലാം ഇടതുസർക്കാർ താറുമാറാക്കിയപ്പോഴാണ് അവിടേക്ക് ചേക്കേറുന്നത്. ഈ പദ്ധതികൾ തുടരുമെന്നൊരു ഉറപ്പെങ്കിലും വാങ്ങേണ്ടതായിരുന്നു- ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
Discussion about this post