കോഴിക്കോട്: യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫ് നേതൃത്വവും ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ഇടതുപക്ഷ മുന്നണിയുമായി സഹകരിക്കാനുളള കേരളകോൺഗ്രസ് എമ്മിന്റെ തീരുമാനം കേരളരാഷ്ട്രീയത്തിൽ ഗുണപരമായി മാറ്റമുണ്ടാക്കാൻ സഹായകരമായ ഒന്നാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ജോസ് കെ മാണിയുടെ തീരുമാനം ഇടതുപക്ഷ ജനാധിപത്യ മുന്നണിചർച്ച ചെയ്യും.
ഇടതുമുന്നണിയുമായി സഹകരിക്കാൻ തീരുമാനിച്ച പത്രസമ്മേളനത്തിൽ ജോസ് കെ മാണി കൃത്യമായി രാഷ്ട്രീയ കാര്യങ്ങളാണ് സൂചിപ്പിച്ചത്. ഉപാധികൾ വെച്ചുകൊണ്ടായിരുന്നില്ല അദ്ദേഹം പത്രസമ്മേളനത്തിൽ സംസാരിച്ചത്. അതുകൊണ്ട് പാല സീറ്റുസംബന്ധിച്ച ചോദ്യങ്ങൾ പ്രസക്തമല്ലെന്നും വിജയരാഘവൻ പറഞ്ഞു.
അതേസമയം, കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് പോകുന്ന ജോസ് കെ മാണിയുടെ തീരുമാനത്തെ കുറ്റപ്പെടുത്താനില്ലെന്ന് പിസി ജോർജ്ജ് എംഎൽഎ പ്രതികരിച്ചു. യുഡിഎഫിൽ നിന്ന് പുറത്താക്കിയ ജോസ് കെമാണിക്ക് പിന്നെ ചെന്നുകയറാൻ പറ്റിയ സ്ഥലം ഇടതുപക്ഷ മുന്നണി തന്നെയാണെന്നും അത് നിഷേധിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ കർഷകരോടുളള അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ടാണ് കേരള കോൺഗ്രസ് എന്ന പാർട്ടി ഉണ്ടായത്. പാർട്ടിക്ക് ജന്മം നൽകിയ കെഎം ജോർജ് സാറിന്റെ മരണശേഷം കെഎം മാണിയും പിജെ ജോസഫും നേതൃത്വത്തിലേക്കെത്തി. ഭരിക്കണം, മന്ത്രിയാകണം എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും നേതൃസ്ഥാനത്തേക്കുയർന്നത്. അതിനുളള അവസരം നോക്കി അവർ അങ്ങോട്ടും ഇങ്ങോട്ടും ചാടുകയും യുഡിഎഫിൽ ചേരുകയും ചെയ്തു.
അതല്ലാതെ കേരള കോൺഗ്രസ് സംസ്കാരമുളള ആളുകൾക്ക് കോൺഗ്രസുമായി യോജിച്ചുപോകാൻ കഴിയില്ലെന്നുളളത് സത്യമാണ്. ആ നിലക്ക് ജോസ് കെ മാണി എടുത്ത തീരുമാനം തെറ്റെന്ന് പറയാകില്ലെന്നും ജോർജ്ജ് പറഞ്ഞു. കെഎം മാണിയോടൊപ്പം നിന്ന വിശ്വസ്തരായ ആളുകളെല്ലാം ജോസ് കെ മാണിയോടൊപ്പമാണെന്നും അതേസമയം ജോസ് കെ മാണിയുടെ പക്വതയില്ലാത്ത തീരുമാനങ്ങൾ ഇഷ്ടപ്പെടാത്ത കുറേപേർ നിർജീവമായി നിൽപ്പുണ്ടെന്നും പിസി ജോർജ്ജ് പറഞ്ഞു.
Discussion about this post