കോട്ടയം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനും തോരാകണ്ണീരിനും ഒടുവില്‍ സന്തോഷത്തിന്റെ നിമിഷങ്ങള്‍. ആര്‍പ്പൂക്കര സ്വദേശി പ്രദീപിനും ജിഷയ്ക്കും സന്തോഷം പകര്‍ന്ന് ഒടുവില്‍ ഒരു കുഞ്ഞ് പൈതല്‍ എത്തി. എട്ട് തവണ ഗര്‍ഭഛിദ്രം സംഭവിച്ച ശേഷമാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും പൂര്‍ണമായ ആരോഗ്യത്തോടെ ഇരിക്കുന്നതായി കാരിത്താസ് ആശുപത്രി ഡയറക്ടര്‍ അറിയിച്ചു.
നിരവധി സങ്കീര്‍ണതകള്‍ക്കൊടുവില്‍ സങ്കടം മായ്ച്ച് കുഞ്ഞെത്തിയ സന്തോഷത്തിലാണ് പ്രദീപും ജിഷയും ചികില്‍സിച്ച ഡോക്ടര്‍മാരും. ഒരു തവണ ഗര്‍ഭപാത്രത്തിനു പുറത്തുണ്ടാകുന്ന എക്ടോപിക് ഗര്‍ഭധാരണവും സംഭവിച്ചു. ഇതു മൂലം അണ്ഡാശയത്തെ ഗര്‍ഭപാത്രവുമായി ബന്ധിപ്പിക്കുന്ന ഫലോപ്യന്‍ ട്യൂബുകളിലൊന്ന് നീക്കം ചെയ്യേണ്ടി വന്നു.
ഒട്ടേറെ ചികിത്സകള്‍ക്കു ശേഷം ഫലപ്രാപ്തിയില്ലാതെ വന്നതോടെയാണു ദമ്പതികള്‍ വന്ധ്യതാ ചികിത്സാ വിദഗ്ധനും സീനിയര്‍ ഗൈനക്കോളജിസ്റ്റുമായ ഡോ. റെജി ദിവാകറിനെ സമീപിച്ചത്. എട്ടാം മാസത്തില്‍ പ്രമേഹം ഉണ്ടായി എന്നതൊഴിച്ചാല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഇതുവരെ ഉണ്ടായില്ല. സാധാരണ നിലയില്‍ തന്നെ പ്രസവം നടക്കുകയായിരുന്നു.
Discussion about this post