കോതമംഗലം: ഗൂഗിള്‍ മാപ്പ് നോക്കി പോയ മൂന്നംഗ സംഘത്തിന്റെ കാര്‍ പാലം പണിയ്ക്കായി കുഴിച്ച 30 അടി താഴ്ചയുള്ള വെള്ളക്കെട്ടില്‍ തലകീഴായി മറിഞ്ഞു. യാത്രികര്‍ അത്ഭുതകരമായി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാലമറ്റം-ആവോലിച്ചാല്‍ റോഡ് വഴി മൂന്നാറിനു പോകുകയായിരുന്ന സംഘത്തിന്റെ കാറാണാ കുഴിയില്‍ വീണത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം.
തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ പാറക്കളത്തില്‍ ഗോകുല്‍ദാസ് (23), പത്താംകല്ല് പുഴങ്ങര കുന്നംപിള്ളി വീട്ടില്‍ ഇസഹാഖ് (29), മുസ്തഫ (36) എന്നിവരാണ് നിസ്സാര പരിക്കോടെ രക്ഷപെട്ടത്. കാര്‍ സാമാന്യം നല്ല വേഗത്തിലായിരുന്നു. തൊട്ടടുത്തെത്തിയപ്പോഴാണ് റോഡില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്ന് വലത്തോട്ട് വെട്ടിച്ച് മാറ്റുന്നതിനു മുമ്പേ താഴേക്ക് പതിച്ചു. കൂരിരിട്ടും മഞ്ഞും മൂടിയ അവസ്ഥയില്‍ എന്താണ് സംഭവിച്ചതെന്ന് ഇവര്‍ക്ക് ആദ്യം മനസ്സിലായില്ല. കാറിന്റെ ചില്ല് താഴ്ത്തിയിട്ടിരുന്നതാണ് രക്ഷയ്ക്ക് വഴിതുറന്നതെന്ന് ഗോകുല്‍ദാസ് പറഞ്ഞു.
എട്ടടിയോളം വെള്ളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. വിജനമായ പ്രദേശത്ത് നീന്തല്‍ അറിയാത്ത മൂവരും കാറില്‍ പിടിച്ച് 15 മിനിറ്റോളം കിടന്നു. പോത്തുപാറ റബ്ബര്‍ കമ്പനിയില്‍നിന്ന് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന പുന്നേക്കാട് സ്വദേശികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. വെള്ളക്കെട്ടില്‍നിന്ന് രക്ഷിക്കണേയെന്നുള്ള നിലവിളി കേട്ട് ബൈക്കിന്റെ വെളിച്ചത്തിലാണ് കാറില്‍ പിടിച്ച് കിടക്കുന്നവരെ കണ്ടത്.
ഉടുമുണ്ട് കൂട്ടിക്കെട്ടി ഇട്ടുകൊടുത്താണ് മൂവരേയും കരയ്ക്ക് കയറ്റിയത്. പേടിച്ചു വിറച്ച് നിലവിളിച്ചിരുന്ന ഇവരെ കുറച്ചകലെയുള്ള ഒരു വീട്ടില്‍ കൊണ്ടുപോയി. വീഴ്ചയില്‍ തലയും നെഞ്ചും ഇടിച്ച് ചതവും നിസ്സാര മുറിവും പറ്റിയിരുന്നു. കൈവശമുണ്ടായിരുന്ന 12,000 രൂപയും മൂന്ന് മൊബൈല്‍ഫോണും വെള്ളത്തില്‍ പോയി. ഒരു ഫോണും 4,000 രൂപയും പിന്നീട് നാട്ടുകാര്‍ മുങ്ങിയെടുത്തു. ഉച്ചയോടെ ക്രെയിന്‍ എത്തിച്ച് കാര്‍ പൊക്കിയെടുത്തു.
Discussion about this post