കൊച്ചിയില്‍ വഴിയോര ബിരിയാണി കച്ചവടം നടത്തി വന്ന ട്രാന്‍സ്ജെന്‍ഡര്‍ സജനയ്ക്ക് നേരെ ഒരു കൂട്ടം അക്രമികള്‍ നടത്തിയ അക്രമം വലിയ തോതില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ സജനയ്ക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് ജയസൂര്യ. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ ജയസൂര്യ സാമ്പത്തികസഹായം നല്‍കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. സജനയുടെ ദുരിതം വാര്‍ത്തകളിലൂടെ അറിഞ്ഞാണ് താരം സഹായ ഹസ്തം നീട്ടി രംഗത്തെത്തിയത്.
കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോള്‍ അതിജീവിക്കാനായി കുടുക്കയില്‍ സൂക്ഷിച്ച രൂപയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മാറ്റിവച്ച പണവും ചേര്‍ത്താണ് സജന എറണാകുളത്ത് ബിരിയാണിക്കച്ചവടം തുടങ്ങിയത്. കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ട സജന മൂന്നു പേര്‍ക്ക് ജോലി നല്‍കുകയും വൈകുന്നേരങ്ങളില്‍ തെരുവില്‍ ജീവിക്കുന്ന കുറച്ചുപേരുടെ വിശപ്പടക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ബിരിയാണി കച്ചവടത്തിനിറങ്ങിയ സജനയെയും കൂട്ടരേയും കഴിഞ്ഞ ദിവസം മറ്റ് കച്ചവടക്കാര്‍ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയായിരുന്നു. ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുകയും ബിരിയാണിയില്‍ പുഴുവാണെന്ന് പറഞ്ഞ് ഭക്ഷണം വാങ്ങാന്‍ വന്നവരെ തിരിച്ചയയ്ക്കുകയും ചെയ്തു. ഏതാണ്ട് 140ഓളം ബിരിയാണിയാണ് ഇത് മൂലം ബാക്കി വന്നതെന്നും സജന കണ്ണീരോടെ പറഞ്ഞ് രംഗത്തെത്തിയിരുന്നു. ശേഷം മന്ത്രി കെകെ ശൈലജ ടീച്ചര്‍ സജനയെ വിളിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു.
Discussion about this post