കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെ. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. വിമാനത്താവളം മുതല്‍ മട്ടന്നൂര്‍ വരെ ദീപാലങ്കാര പ്രഭയില്‍ മുങ്ങി നില്‍ക്കുകയാണ്. പൊതുജനങ്ങള്‍ വിമാനത്താവളം കാണാനെത്തുന്നുണ്ട്.
പൊതുജനങ്ങള്‍ക്ക് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് എത്താനായി പ്രത്യേക ബസ് സര്‍വ്വീസും കിയാല്‍ ഒരുക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണവുമുണ്ടാകും. ഭൂമി വിട്ടു നല്കിയവര് മുതല്‍ ഓഹരിയുടമകളെയും വിമാനത്താവളത്തിനായി പ്രയത്നിച്ചവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മുന്‍ മുഖ്യമന്ത്രി ഇകെ നായനാരോടുള്ള ആദരസൂചകമായി ഭാര്യ ശാരദ ടീച്ചറടക്കമുള്ളവരെ പ്രത്യേകം ക്ഷണിച്ചു.
രാവിലെ പത്തിനാണ് ഉദ്ഘാടനച്ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിമാനത്താവളം തറക്കല്ലിടല്‍ മുതല്‍ ഭൂമിയേറ്റെടുത്ത് അന്തിമഘട്ട നിര്‍മ്മാണം വരെയെത്തിച്ച രണ്ട് മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും ചടങ്ങിലില്ലാത്തത് കല്ലുകടിയും രാഷ്ട്രീയ വിവാദവുമായി. ഇരുവരെയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ബഹിഷ്ക്കരണവും ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി വേദിയിലേക്ക് മാര്‍ച്ചും മന്ത്രിമാരെ തടയലും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങളും സുരക്ഷയുമുണ്ടാകും.
Discussion about this post