തിരുവനന്തപുരം: തൃശൂരില്‍ അമ്പിളിക്കല കൊവിഡ് സെന്ററിലെ പ്രവര്‍ത്തനത്തില്‍ ജയില്‍ വകുപ്പിന് വീഴ്ചയെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. സംഭവത്തില്‍ ജില്ലാ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. കൊവിഡ് സെന്ററില്‍ പതിനേഴുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. ഡിപിഒ അരുണ്‍, എപിഒ രമേഷ് എന്നിവര്‍ക്കാണ് സസ്‌പെന്ഷന്.
ഇവര്‍ ഷെമീറിന്റെ മരണത്തിലും ആരോപണ വിധേയരാണ്. കഞ്ചാവു കേസിലെ പ്രതി ഷെമീര്‍ മര്‍ദ്ദനമേറ്റു മരിച്ചതോടെയാണ് അമ്പിളിക്കല കൊവിഡ് കേന്ദ്രത്തിലെ ക്രൂരത പുറംലോകമറിയുന്നത്. അതേസമയം, അമ്പിളിക്കല കൊവിഡ് സെന്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ജയിലില്‍ തന്നെ കൊവിഡ് സെന്റര്‍ സജ്ജീകരിക്കാനാണ് തീരുമാനം.
കഴിഞ്ഞ മാസം 29-നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് പോലീസ് പിടികൂടുന്നത്. റിമാന്റിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കൊവിഡ് സെന്റിലക്ക് മാറ്റി. സെപ്തംബര്‍ 30-ന് ഷെമീറിനെ അപസ്മാര ബാധയെ തുടര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അന്നു തന്നെ കൊവിഡ് സെന്റിലേക്ക് തിരികെ കൊണ്ടുവന്ന ഷെമീറിനെ അബോധാവസ്ഥയിലാണ് രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
ശരീരം മുഴുവന്‍ അടിയേറ്റ മുറിവുകളായതിനാല്‍ ഡോക്ടര്‍മാര്‍ ഷെമീറിനെ സര്‍ജിക്കല്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. പിറ്റേന്ന് പുലര്‍ച്ചെ ഷെമീര്‍ മരിക്കുകയായിരുന്നു. ഷെമീര്‍ റിമാന്‍ഡിലിരിക്കെ മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലക്കേറ്റ ക്ഷതവും ശരീരത്തിലേറ്റ നാല്‍പതിലേറെ മുറിവുകളും മരണകാരണമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Discussion about this post