തിരുവനന്തപുരം: മലയാളികള്‍ ആകാംഷയോടെ കാത്തിരുന്ന 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി എകെ ബാലനാണ് ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ചിത്രമായി വാസന്തി തിരഞ്ഞെടുക്കപ്പെട്ടു. ഷിനോസ് റഹ്മാന്, ഷജാസ് റഹ്മാന് എന്നിവരാണ് സംവിധായകര്‍.
ജെല്ലിക്കെട്ടിന്റെ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി. മികച്ച നടനായി സുരാജ് വെഞ്ഞാറമ്മൂട് തിരഞ്ഞെടുക്കപ്പെട്ടു. വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് എന്നീ ചിത്രങ്ങളാണ് സുരാജിനെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്.
ആദ്യമായാണ് സുരാജിന് മികച്ച നടനുളള സംസ്ഥാന പുരസ്ക്കാരം ലഭിക്കുന്നത്. കനി കുസൃതിയാണ് മികച്ച നടി. ബിരിയാണി എന്ന ചിത്രമാണ് കനിയെ പുരസ്ക്കാരത്തിന് അര്‍ഹയാക്കിയിരിക്കുന്നത്. മനോജ് കാനയുടെ ഖഞ്ചിറയാണ് മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഫഹദ് ഫാസില്‍ ആണ് മികച്ച സഹനടന്‍. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന നെഗറ്റീവ് ടച്ചുളള കഥാപാത്രമാണ് ഫഹദിനെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയിരിക്കുന്നത്. മികച്ച സ്വഭാവ നടിയായി സ്വാസിക വിജയ് തിരഞ്ഞെടുക്കപ്പെട്ടു. വാസന്തിയാണ് ചിത്രം. മികച്ച തിരക്കഥയ്ക്കുളള പുരസ്ക്കാരവും വാസന്തി സ്വന്തമാക്കി.
കുമ്പളങ്ങി നൈറ്റ്സ്, ഹെലന് എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അന്ന ബെന്‍, മൂത്തോനിലൂടെ കയ്യടി നേടിയ നിവിന്‍ പോളി എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശമുണ്ട്. കെട്ടിയോളാണെന്റെ മാലാഖയിലെ ഗാനത്തിന് നജീം അര്‍ഷാദിന് മികച്ച ഗായനുളള പുരസ്ക്കാരവും കോളാമ്പിയിലെ ഗാനത്തിന് മധുശ്രീ നാരായണന് മികച്ച പിന്നണി ഗായികയ്ക്കുളള പുരസ്ക്കാരവും നേടി.
പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് ഇക്കുറി നടന്നത്. മന്ത്രി എകെ ബാലനാണ് ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകനും ഛായാഗ്രാഹകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 2019ല്‍ റിലീസ് ചെയ്ത 19 ചിത്രങ്ങളാണ് പുരസ്ക്കാരങ്ങള്‍ക്കായി മത്സരിച്ചത്. കൊവിഡ് കാരണം പല ചിത്രങ്ങളും തിയറ്ററില്‍ എത്തിയിരുന്നില്ല.
Discussion about this post