‘വിജയ് പി നായര്‍ ക്ഷണിച്ചിട്ടാണ് പോയത്’; ഭാഗ്യലക്ഷ്മിയും കൂട്ടരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ച വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തങ്ങള്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെന്നൊന്നും നിലനില്‍ക്കില്ലെന്നും വിജയ് പി നായര്‍ ക്ഷണിച്ചിട്ടാണ് പോയതെന്നും മുറിയിലേക്ക് അതിക്രമിച്ചു കടന്നിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. വിഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി പോയതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മൂവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാല്‍ ഇവര്‍ എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അറസ്റ്റ് ഉടന് വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നു മറ്റ് നടപടികള്‍ ഒഴിവാക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. വിജയ് പി നായര്‍ നേരത്തെ തന്നെ പോലീസ് പിടിയിലായിരുന്നു.

Exit mobile version