കൊച്ചി: ശബരിമലയില്‍ 52കാരിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയില്‍ താനും ഭാര്യയും ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകന് ഷാജി കൈലാസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അറിവോടെയല്ല തന്റെ പേര് എഴുതി ചേര്‍ത്തതെന്ന ആരോപണവുമായി എഴുത്തുകാരനും അധ്യാപകനുമായ വിആര്‍ സുധീഷും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടു. ഈ പ്രസ്താവനയില്‍ ഞങ്ങള്‍ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവര്‍ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങള്‍ യോജിക്കുന്നുമില്ലെന്നായിരുന്നു ഷാജി കൈലാസിന്റെ പോസ്റ്റ്.
ശബരിമലയിലെ നിയന്ത്രണങ്ങള്‍ മൂലം സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള പ്രത്യേക സ്ഥിതി വിശേഷത്തിലും അയ്യപ്പ ഭക്തര്‍ക്കെതിരെ വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും സാംസ്കാരിക നായകരും ബുദ്ധിജീവികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ എത്രയും വേഗം വിട്ടയക്കണമെന്നും ആവശ്യപ്പെടുന്നു. എന്നായിരിന്നു സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കം
എംജിഎസ് നാരായണന്, ഡോ.കെഎസ് രാധാകൃഷ്ണന്, പി രമേശ്വരന്‍, സുരേഷ് ഗോപി എംപി, എസ് രമേശന് നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്, ഷാജി കൈലാസ്, ശത്രുഘ്നന്‍, വിആര്‍ സുധീഷ്, യുകെ കുമാരന്, തായാട്ട് ബാലന്, ആര്‍കെ ദാമോദരന്‍, ശ്രീകുമാരി രാമചന്ദ്രന്, സജി നാരായണന് തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.
Discussion about this post