തൃശ്ശൂര്‍: തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എഐഎസ്എഫിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ പട്ടികള്‍ കടിച്ച് കീറുന്ന വീഡിയോ പുറത്ത്. ഈ ഫ്ളക്സ് ബോര്‍ഡുകള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചു എന്ന് ആരോപിച്ച് നേരത്തെ ക്യാമ്പസില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ വലിയ തോതിലുള്ള ആക്രമണങ്ങള്‍ അഴിച്ച് വിട്ടിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊടി തോരണങ്ങള്‍ തൃശൂര്‍ ജില്ലയില്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു.
എഐഎസ്എഫിന്റെ കോളേജ് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് ക്യാമ്പസിലെ പട്ടികള്‍ കടിച്ചു കീറിയത്. ഇതിന് പിന്നില്‍ എസ്എഫ്ഐ ആണെന്ന് ആരോപിച്ചാണ് എഐഎസ്എഫ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതും തൃശൂര്‍ ജില്ലയില്‍ പഠിപ്പ് മുടക്ക് നടത്തിയതും.
എഐഎസ്എഫിന്റെ ഈ സമര പോരാട്ടങ്ങള്‍ ഈ പട്ടികള്‍ക്ക് എതിരെ ആയിരുന്നല്ലോ എന്നാണ് തൃശൂര്‍ ജില്ലയ്ക്ക് പുറത്തുള്ള എഐഎസ്എഫുകാര്ക്കിടയിലെ സംസാരം.
തൃശൂര്‍ ജില്ലയിലെ പ്രമുഖ എഐഎസ്എഫ് നേതാക്കള്‍ അടക്കമുള്ളവര്‍ അണിനിരന്ന പ്രതിഷേധ സമരങ്ങള്‍ പൊടി പൊടിക്കുന്നതിന് ഇടയിലാണ് പട്ടികളുടെ ഈ അതിക്രമം വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നത്.
അതേസമയം, എസ്എഫ്ഐക്കാര്‍ വളര്‍ത്തുന്ന പട്ടികളാണ് ഇവയെന്ന ആരോപണവുമായി വീണ്ടും എഐഎസ്എഫ് രംഗത്ത് വരാനുള്ള സാധ്യതയുണ്ടെന്നാണ് കേരള വര്‍മ്മ വിദ്യാര്‍ത്ഥികളുടെ ട്രോള്‍.
Discussion about this post