കൊച്ചി: ജനങ്ങളിൽ നിന്നും പണം പിരിച്ച് 1921 എന്ന പേരിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി സിനിമ നിർമ്മിക്കുമെന്ന് പറഞ്ഞ സംവിധായകൻ അലി അക്ബറിനെ ട്രോളി സോഷ്യൽമീഡിയ. വലിയൊരു ക്യാൻവാസിൽ സിനിമ ചെയ്യാനാകില്ലെന്നും ഇതുവരെ ലഭിച്ച പണത്തിൽ നിന്നും നാല് ലക്ഷം രൂപ ചെലവഴിച്ചുവെന്നും പറഞ്ഞതിനാണ് സോഷ്യൽമീഡിയ പരിഹാസം. സംഘപരിവാറിനെ പറ്റിച്ച് ജീവിക്കുകയാണ് അലി അക്ബർ എന്നാണ് സോഷ്യൽമീഡിയ ട്രോളുന്നത്. എന്നാൽ, ഈ ആരോപണങ്ങൾക്കൊക്കെ മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനിപ്പോൾ.
തന്റെ അക്കൗണ്ടിൽ വന്ന പണത്തിൽ നിന്നും വിഹിതം ചോദിച്ചവരുടേതെന്ന് പറഞ്ഞ് സ്‌ക്രീൻഷോട്ടാണ് അലി അക്ബർ പങ്കുവയ്ക്കുന്നത്. ഞാൻ ഹിന്ദുക്കളെ പറ്റിച്ചു പണമുണ്ടാക്കുകയാണത്രേ, അതിൽ നിന്നും അടിച്ചു മാറ്റാൻ വരുന്നവരെ എന്ത് വിളിക്കണം. അദ്ദേഹം പോസ്റ്റിൽ ചോദിക്കുന്നു. പോസ്റ്റിന് താഴെ ചോദ്യങ്ങളുമായി എത്തിയവർക്കും അദ്ദേഹം മറുപടി നൽകുന്നുണ്ട്.
കിട്ടിയ പണത്തിൽ നിന്നും വലിയ കാൻവാസിൽ വാരിയംകുന്നന്റെ കഥ പറയാൻ കഴിയില്ലെന്ന് അദ്ദേഹം രണ്ടു ദിവസം മുൻപ് വ്യക്തമാക്കിയിരുന്നു..’പ്രവർത്തനങ്ങൾക്കായി ഒരു വീട് വാടകയ്‌ക്കെടുത്തിട്ടുണ്ട്, പ്രാഥമിക ചിലവുകൾക്കായി 4 ലക്ഷം പിൻവലിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ തുടങ്ങി. ആദ്യം സെറ്റിടാനുള്ള ഓല മെടയാൻ ഏൽപ്പിക്കുകയാണ് ചെയ്തത്. പെട്ടെന്ന് കിട്ടാത്തത് അതാണല്ലോ. സഹായിക്കാനുദ്ദേശിക്കുന്നവർ വൈകാതെ ചെയ്യുക. അത് കൂടുതൽ ഉപകാരപ്പെടും. പ്രാർത്ഥന കൂടെയുണ്ടാവണം.’-അലി അക്ബർ കുറിച്ചു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിസ്ഥാനത്ത് നിർത്തി കഥ പറയുന്ന ചിത്രമൊരുക്കാനാണ് ജനകീയ കൂട്ടായ്മയിലൂടെ അലി അക്ബർ പണം പിരിക്കുന്നത്. ഇതുവരെ 84 ലക്ഷത്തോളം രൂപ ലഭിച്ചു എന്ന് അലി അക്ബർ വ്യക്തമാക്കുന്നു.
Discussion about this post