കൊച്ചി: നടൻ ദിലീപിന് അനുകൂലമായി താൻ മൊഴി മാറ്റിയിട്ടില്ലെന്ന് അവകാശപ്പെട്ട് നടൻ ഇടവേള ബാബു രംഗത്ത്. നടിയെ ആക്രമിച്ച കേസിൽ താൻ നൽകിയ മൊഴി പോലീസ് തെറ്റായി രേഖപ്പെടുത്തിയെന്നും പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയെന്നും ഇടവേള ബാബു റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയിൽ പറഞ്ഞു.
പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയത് അപൂർണ്ണമായിട്ടാണ്. താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ വന്നില്ല. പറയാത്ത കാര്യങ്ങൾ വരികയും ചെയ്തു. പോലീസ് മൊഴി ഒപ്പിടീച്ച് വാങ്ങിയിട്ടില്ല. ഒപ്പിടേണ്ടേ? എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നാണ് പറഞ്ഞത്. കോടതിയിൽ നടത്തിയത് സ്വാഭാവികമായ തിരുത്താണ്. താരസംഗടന തുടക്കം മുതൽ നടിയെ പിന്തുണച്ചിട്ടുണ്ടെന്നും അന്ന് രാവിലെ മുഖ്യമന്ത്രിയെ വിളിച്ചത് ഇന്നസെന്റ് ചേട്ടനാണെന്നും ഇടവേള ബാബു അഭിമുഖത്തിൽ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടി തന്റെ അവസങ്ങൾ ദിലീപ് തട്ടിക്കളയുന്നുവെന്ന് പരാതിപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ‘എനിക്ക് രേഖാമൂലം പരാതി കിട്ടിയില്ല’ എന്നായിരുന്നു ഇടവേള ബാബുവിന്റെ മൊഴി. എന്നാൽ വ്യക്തിപരമായി വാക്കാൽ പറഞ്ഞോ എന്ന ചോദ്യത്തിന് ‘അങ്ങനെ പല കാര്യങ്ങളും, അതിനപ്പുറവും പറഞ്ഞിട്ടുണ്ടാകും’ എന്നുമായിരുന്നു മറുപടി.
ആക്രമിക്കപ്പെട്ട നടി ബലാത്സംഗക്കേസിൽ എട്ടാം പ്രതിയായ ദിലീപിനെതിരെ പരാതി നൽകിയിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ‘ഓർമ്മയില്ല’ എന്ന് ഇടവേള ബാബു മൊഴി നൽകിയിരുന്നു. ഇതിനേത്തുടർന്നാണ് ഇടവേള ബാബു കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇതിനെയാണ് ഇടവേള ബാബു നിലവിൽ പരസ്യമായി ന്യായീകരിച്ചിരിക്കുന്നത്.