രാജ്യത്ത് കൊവിഡ് പ്രതിദിന വ്യാപനം കൂടുതലുള്ള സംസ്ഥാനമായി കേരളം; 5 ജില്ലകളില്‍ അതിസങ്കീര്‍ണം,അതീവ ആശങ്ക

തിരുവനന്തപുരം: രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം. 100 പേരെ പരിശോധിക്കുമ്പോള്‍ 17 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുവെന്നാണ് ഇന്നലത്തെ കൊവിഡ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനം അതീതീവ്രമായിരുന്ന മഹാരാഷ്ട്രയെക്കാള്‍ ഉയര്‍ന്നു കേരളത്തിലെ കൊവിഡ് പ്രതിദിന കണക്ക്. മഹാരാഷ്ട്രയില്‍ 11, 416 ഉം കേരളത്തില്‍ 11, 755 ഉം രോഗികളുമാണ് ഇന്നലെ ഉണ്ടായിരുന്നത്.

പരിശോധനകളെ അടിസ്ഥാനമാക്കി പോസിറ്റീവാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് 17. 74 ആണ്. ഉയര്‍ന്ന കൊവിഡ് കണക്കുകള്‍ രേഖപ്പെടുത്തുന്ന മഹാരാഷ്ട്രയില്‍ 100 പേരെ പരിശോധിക്കുമ്പോള്‍ 14 പേര്‍ക്കും കര്‍ണാടകയില്‍ ഒന്‍പത് പേര്‍ക്കുമേ രോഗം കണ്ടെത്തുന്നുളളു എന്നത് സംസ്ഥാനം എത്തി നില്‍ക്കുന്ന ഗുരുതരാവസ്ഥ വ്യക്തമാക്കുന്നുണ്ട്. അഞ്ച് ജില്ലകളുടെ സ്ഥിതി സങ്കീര്‍ണ്ണമാണ്. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ കൊവിഡ് വ്യാപനം കുതിച്ചുയരുകയാണ്.

പത്തുദിവസം കൊണ്ട് 1011 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട നിലയിലെങ്കിലും മരണങ്ങളും ഉയരുന്നു. പത്തു ദിവസത്തിനിടെ 238 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version