പാല: പാല സീറ്റ് ഒരു കാരണവശാലും കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി കാപ്പന്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതിനെ കുറിച്ച് ചര്‍ച്ച നടക്കാത്ത സാഹചര്യത്തില്‍ ഇതിനെ പറ്റി കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മാണി സി കാപ്പന് കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണിയില്‍ എത്തിയാല്‍ പാലാ സീറ്റ് തിരിച്ചുനല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മാണി സി കാപ്പന്റെ മറുപടി.
പാല മാണിസാറിന് ഭാര്യയാണെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം ചങ്കാണ്. അത് വിട്ടുപോകുന്ന പ്രശ്നമില്ല. ഇവിടുത്തെ ജനങ്ങളെ സേവിക്കാന്‍ വേണ്ടിയാണ് എന്നെ തെരഞ്ഞെടുത്തത്. ജയിച്ച സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വം എടുത്ത തീരുമാനമെന്നും മാണി സി കാപ്പന് പറഞ്ഞു. പാലയുടെ വികസനത്തിനായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നതെന്നും മാണി സി കാപ്പന് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതിനെ കുറിച്ച് ചര്‍ച്ച നടക്കാത്ത സാഹചര്യത്തില്‍ ഇതിനെ പറ്റി എന്തുപറയാനാണ്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയല്ലാതെ ഇടതുമുന്നണിയിലെ ഒരു ഘടകകക്ഷി പോലും കേരളാ കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരുന്നതിനെ പറ്റി ചര്‍ച്ച ചെയ്തിട്ടില്ല. മാണി വിഭാഗം എല്‍ഡിഎഫിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നു. അത് കോട്ടയം ജില്ലയില്‍ ഗുണകരമാകും. എന്നാല്‍ അത് ഞങ്ങളുടെ അക്കൗണ്ടിലുള്ള സീറ്റ് എടുത്തിട്ട് വേണ്ടെന്നും പാലാ സീറ്റിനായി കേരളാ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും മാണി സി കാപ്പന് പറഞ്ഞു. രാജ്യസഭാഅംഗം ആര്‍ക്ക് വേണമെന്നും മാണി സി കാപ്പന് ചോദിച്ചു.
Discussion about this post