കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് കൂട്ടുനിന്നത് നിര്‍ധന കുടുംബത്തെ ചതിക്കാനെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഇടപ്പള്ളിയിലെ പാവപ്പെട്ട കുടുംബത്തോട് റിയല്‍ എസ്റ്റേറ്റുകാരന്‍ചെയ്ത കൊടുംവഞ്ചനയ്ക്ക് പി ടി തോമസ്എംഎല്‍എ കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
കുടിയൊഴിയുന്ന സ്ഥലത്തിന് പകരം നാല് സെന്റ് സ്ഥലവും കെട്ടിടവും നല്‍കാമെന്ന് 1998ല്‍ റിയല്‍ എസ്റ്റേറ്റുകാരന്‍ വി എസ് രാമകൃഷ്ണന്‍ ചാരോത്ത് ദിനേശന് രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു. അത് മറച്ചുവച്ചാണ് സ്ഥലമൊഴിപ്പിക്കാന്‍ പി ടി തോമസ് ഇടനിലക്കാരന്റെ വേഷമിട്ടത്.
1998 ജൂലൈ മൂന്നിന് ചാരോത്ത് ദിനേശനും വി എസ് രാമകൃഷ്ണനും ഒപ്പിട്ടാണ് കരാറുണ്ടാക്കിയത്. 50 രൂപയുടെ മുദ്രപ്പത്രത്തിലായിരുന്നു കരാര്‍. ഇടപ്പള്ളി തെക്ക് വില്ലേജില്‍ സര്‍വേ നമ്പര്‍ 147/ 5 ബിയില്‍പ്പെട്ട നാല് സെന്റ് സ്ഥലവും കെട്ടിടവും ദിനേശനും കുടുംബവും ഒഴിയാന്‍ തയ്യാറായതിനെ തുടര്‍ന്നായിരുന്നു കരാര്‍. കണ്ണന്തോടത്തു കുടുംബത്തില്‍നിന്ന് അതുള്‍പ്പെടുന്ന രണ്ടേക്കറോളം സ്ഥലം രാമകൃഷ്ണന്‍ തീറുവാങ്ങിയെന്ന് കരാറില്‍ പറയുന്നു.
കരാറില്‍ അഞ്ച് വ്യവസ്ഥകളാണുള്ളത്. ആദ്യ വ്യവസ്ഥ : ഒന്നാംപാര്‍ട്ടി (വി എസ് രാമകൃഷ്ണന്‍) കണ്ണന്തോടത്തു തറവാട്ടില്‍നിന്ന് തീറുവാങ്ങുന്ന സ്ഥലത്തില്‍പ്പെട്ട സര്‍വേ നമ്പര്‍ 147/ 3എയില്‍ റോഡരികില്‍ നാല് സെന്റ് സ്ഥലം രണ്ടാംപാര്‍ട്ടി (ദിനേശന്‍)യുടെ പേരില്‍ വില കൂടാതെ ആധാരം രജിസ്റ്ററാക്കി കൊടുത്തുകൊള്ളാമെന്ന് ഒന്നാംപാര്‍ട്ടി സമ്മതിച്ചിരിക്കുന്നു.
രണ്ടാമത്തെ വ്യവസ്ഥയില്‍ പകരം നല്‍കുന്ന സ്ഥലത്ത് ദിനേശന്റെ കെട്ടിടത്തിന് സമാനമായ കെട്ടിടവും രാമകൃഷ്ണന്‍ നിര്‍മിച്ച് നല്‍കണം. അപ്പോള്‍മാത്രം കൈവശമുള്ള സ്ഥലവും കെട്ടിടവും ഒഴിഞ്ഞാല്‍ മതിയെന്നും വ്യവസ്ഥയിലുണ്ട്. രണ്ട് സാക്ഷികള്‍ മുമ്പാകെ ഒപ്പിട്ട കരാറിലെ ബാധ്യതകളില്‍നിന്ന് രാമകൃഷ്ണനെ രക്ഷിക്കാനായിരുന്നു പി ടി തോമസിന്റെ തന്ത്രപരമായ ഇടപെടല്‍.
രണ്ടുകോടിയോളം വിലയുള്ള ഭൂമിക്ക് 1.35 കോടി രൂപവരെ നല്‍കാന്‍ നേരത്തെ രാമകൃഷ്ണന്‍ തയ്യാറായിരുന്നു. പിന്നീടത് ഒരുകോടി മൂന്നു ലക്ഷമാക്കി. എന്നിട്ടും വീട്ടുകാര്‍ ഒഴിയാന്‍ തയ്യാറായിരുന്നു. അതിനിടെയാണ് ഇടനിലക്കാരനായി പി ടി തോമസ് വന്നതും മൊത്തം തുക 80 ലക്ഷമായി കുറച്ചതും.
Discussion about this post