ന്യൂഡല്‍ഹി: ഹാഥറസ് സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പരാതി കിട്ടിയാലുടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പോലീസ് സ്റ്റേഷന്റ അധികാര പരിധിയില്‍ പെടാത്ത കുറ്റകൃത്യമാണെങ്കില്‍ പോലും സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പരാതി ലഭിച്ച് രണ്ടുമാസത്തിനുള്ളില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.സ്റ്റേഷനില്‍ അറിയാവുന്ന കുറ്റകൃത്യമാണ് നടന്നതെങ്കില്‍ പരാതി നല്‍കാതെ തന്നെ കേസെടുക്കണമെന്നും നിര്‍ദേശമുണ്ട്. സ്ത്രീകള്‌ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ രൂപീകരിച്ചിട്ടുള്ള നിയമങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചിട്ടുള്ളത്.
പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഇരകളെ വൈദ്യശാസ്ത്ര പരിശോധനയ്ക്ക് വിധേയരാക്കണം. തെളിവ് ശേഖരണത്തില്‍ കൃത്യവും ശാസ്ത്രിയവുമായ മാനദണ്ഡങ്ങള്‍ പാലിക്കണം. പരാതികളില്‍ നടപടി സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് മേലധികാരികള്‍ ഉറപ്പ് വരുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ഇത്തരം കേസുകളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെയോ മറ്റ് സംസ്ഥാനങ്ങളുടെയോ സഹായം ആവശ്യപ്പെടാം. ഇതിനായി രൂപീകരിച്ച പോര്‍ട്ടലായ ‘ഐടിഎസ്എസ്ഒ’ വഴി സഹായം തേടാമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം വ്യക്തമാക്കി.