മലപ്പുറം: കഴിഞ്ഞദിവസം ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി അദ്ദേഹം പരാതി നല്‍കിയിരുന്നു. തന്റെ കാറില്‍ ലോറിയിടിക്കുകായിരുന്നുവെന്നും തന്നെ അപായപ്പെടുത്താന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നുമാണ് അബ്ദുല്ലക്കുട്ടി പറഞ്ഞത്. സംഭവത്തില്‍ ലോറി പോലീസ് പിടികൂടിയിരുന്നു.
എന്നാല്‍ കാറിലുണ്ടായിരുന്നതു ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിയാണെന്ന് സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസുകാര്‍ പറഞ്ഞാണ് അറിഞ്ഞതെന്ന് അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവര്‍ ചട്ടിപ്പറമ്പ് പഴമള്ളൂര്‍ അരീക്കത്ത് മുഹമ്മദ് സുഹൈല്‍ പറഞ്ഞു.
മരാമത്ത് റോഡിന്റെ പണിക്കുള്ള പാറമക്ക് (ക്വാറി വേസ്റ്റ് ) ആലത്തിയൂരില്‍ ഇറക്കി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. രണ്ടത്താണിയിലെ കയറ്റത്തിലെത്തിയപ്പോള്‍ മുന്‍പില്‍ വേറെയും വണ്ടികളുണ്ടായിരുന്നു. മുന്നിലെ കാറുകള്‍ പെട്ടെന്ന് നിര്‍ത്തി. കണ്ടയുടന്‍ ബ്രേക്ക് ചെയ്‌തെങ്കിലും മഴയുണ്ടായിരുന്നതു കാരണം വണ്ടി നിന്നില്ല. തെന്നിനീങ്ങി മുന്‍പിലെ കാറില്‍ ഇടിക്കുകയായിരുന്നു- സുഹൈല്‍ വ്യക്തമാക്കി.
അപകടമുണ്ടായ ഉടന്‍ കാറിലുണ്ടായിരുന്നവരോട് എന്തെങ്കിലും പറ്റിയോ എന്നന്വേഷിച്ചിരുന്നു. വണ്ടിക്ക് കേടുപറ്റിയതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ചും സംസാരിച്ചു. പിന്നീടാണ് പൊലീസ് എത്തിയതും സ്റ്റേഷനില്‍ ചെന്നതുമെല്ലാമെന്നും സുഹൈല്‍ കൂട്ടിച്ചേര്‍ത്തു.
അപകട സ്ഥലത്തു നടന്ന സംസാരങ്ങള്‍ക്കിടയിലൊന്നും അബ്ദുല്ലക്കുട്ടി ഇടപെട്ടിരുന്നില്ല. വെളിയങ്കോട്ടെ സംഭവത്തെക്കുറിച്ച് അറിയില്ല. ഗൂഢാലോചന ആരോപിച്ചതോടെ വണ്ടി സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. ലോറി ജീവിത മാര്‍ഗമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി തന്നെ ബലിയാടാക്കരുതെന്നും സുഹൈല്‍ പറഞ്ഞു.