തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി നടി ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു. കേസില്‍ അന്തിമ വിധി വരുന്നതുവരെയാണ് ജപ്തി നടപടി. കേസില്‍ സാക്ഷികളെ ഡിസംബര്‍ 17 ന് ഹാജരാക്കാനും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു.
2013ല്‍ ഡോക്ടര്‍ ദമ്പതികളെയും പ്രവാസിയെയും കബളിപ്പിച്ച കേസിലാണ് നടപടി. സ്വിസ് സോളാര്‍ ടെക്നോളജീസ് കമ്പനിയുടെ നടത്തിപ്പുകാരന്‍ ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. ശാലു മേനോന്റെ അമ്മ കലാദേവി മൂന്നാം പ്രതിയുമാണ്.
വൈദ്യുത ബില്‍ ലാഭിക്കാന്‍ വീടുകളില്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ കാറ്റാടി മില്ലുകളും സ്ഥാപിച്ചു നല്‍കുമെന്ന് കാണിച്ച് പത്രപ്പരസ്യം നല്‍കിയായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. ഡോ മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍നിന്ന് മുപ്പത് ലക്ഷത്തോളം രൂപയും പ്രവാസിയായ റാസിഖ് അലിയില്‍നിന്ന് ഒരു കോടിയിലധികം രൂപയും ഇവര്‍ തട്ടിയെടുത്തു. പ്രവാസിയായ റാസിഖ് അലിയെ ബിജു രാധാകൃഷ്ണനും ശാലു മേനോനും ചേര്‍ന്നാണ് സമീപിച്ചത്. ബിജുവിന്റെ സാന്നിധ്യത്തില്‍ 20 ലക്ഷം രൂപ ശാലുവിന് കൈമാറിയതായി റാസിഖ് മൊഴി നല്‍കി. ഇങ്ങനെ തട്ടിയെടുത്ത തുകയുടെ ഭൂരിഭാഗവും ശാലു മേനോനാണ് ബിജു നല്‍കിയിരുന്നത്.
ശാലു മേനോനുവേണ്ടി ബിജു രാധാകൃഷ്ണന്‍ 25 ലക്ഷം രൂപയുടെ സ്ഥലവും ആഡംബര വീടും നിര്‍മ്മിച്ച് നല്‍കിയെന്നും സ്ഥലമുടമയ്ക്ക് ചെക്ക് കൈമാറിയത് ഇയാള്‍തന്നെയാണെന്നും പ്രത്യേകാന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.