തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഏഴാച്ചേരി രാമചന്ദ്രനാണ് അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്. ‘ഒരു വെര്‍ജീനിയന്‍ വെയില് കാലം’ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന ശില്പവുമാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് 44-ാം വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡോ കെ പി മോഹനന്, ഡോ എന്‍ മുകുന്ദന്, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍.
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തില്‍ ജനിച്ച ഏഴാച്ചേരി രാമചന്ദ്രന് ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ പ്രൊഫഷണല്‍ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചന്ദന മണീവാതില് പാതിചാരി എന്നു തുടങ്ങുന്ന ഗാനമുള്‍പ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ആര്‍ദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂര്‍, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകള്‍. ഉയരും ഞാന്‍ നാടാകെ, കാറ്റുചിക്കിയ തെളിമണലില്‍ (ഓര്‍മ്മപ്പുസ്തകം) എന്നിവയാണ് ഗദ്യരൂപത്തിലുള്ള പ്രധാന കൃതികള്‍.
Discussion about this post