തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് മദ്ധ്യ കേരളത്തിലാവും കൂടുതല് ലഭിക്കുക. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊണ്ടതോടെയാണ് മഴ വീണ്ടും സജീവമായത്. ആന്‍ഡമാന്‍ തീരത്തിന് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം, തീവ്രന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന് ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍.
ചിലപ്പോള്‍ ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച വരെ തെക്ക്പടിഞ്ഞാറ് ദിശയില്‍ നിന്നും കന്യാകുമാരി , ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേരള ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അതിനാല്‍ ആഴക്കടലില്‍ മല്‌സ്യബന്ധനത്തിന് ഏര്‌പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ തീരത്തേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.