മൂന്നുപേരും വീടുകളിലില്ല; ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവില്‍, തെരച്ചില്‍ ഊര്‍ജ്ജിതം

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്ത വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടുപ്രതികളും ഒളിവിലെന്ന് പൊലീസ്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും അധികൃതര്‍ അറിയിച്ചു.

മൂന്നുപേരും വീടുകളിലില്ലെന്ന് പോലീസ് പറഞ്ഞു. ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. ഭാഗ്യലക്ഷ്മിയെ കൂടാതെ, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്യുകയല്ലാതെ മറ്റ് വഴികളില്ലെന്ന് പോലീസ് പറഞ്ഞു.

സ്ത്രീകളാണന്നുമുള്ള പരിഗണനയോടെ തുടര്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്പാനൂര്‍ പൊലീസ് മൂവരുടെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല. സംസ്‌കാരമുള്ള പ്രവൃത്തിയല്ല ചെയ്തതെന്നും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സമാധാനവും നിയമവും കാത്തു സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇവര്‍ക്കു ജാമ്യം നല്‍കുന്നതു നിയമം കയ്യിലെടുക്കാന്‍ പ്രേരണയാകുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണു കോടതി വിധി.സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണു ഭാഗ്യലക്ഷ്മിയുടെ നീക്കം.

Exit mobile version