ചാലക്കുടി: സംസ്ഥാനത്ത് പലയിടങ്ങളിലും കഴിഞ്ഞ ദിവസം അതിശക്തമായ മഴയാണ് പെയ്തത്. അപ്രതീക്ഷിതമായി രാത്രിയ എത്തിയ മഴ പരിയാരം പഞ്ചായത്തില്‍ വ്യാപകമായ നാശം വിതച്ചു. കപ്പത്തോടും പെരുമ്പത്തോടുമെല്ലാം കര കവിഞ്ഞൊഴുകി.
കൃഷിയിടങ്ങള്‍ വെള്ളത്തിലായി. കമ്മളം ഭാഗത്തു റോഡിലും പോത്തോടി പാലത്തിലും വെള്ളം കയറി. ഒരു വീട്ടുപറമ്പിലേക്കും വെള്ളം കയറിയെങ്കിലും ഇറങ്ങിപ്പോയി. പൂവത്തിങ്കല്‍ ഭാഗത്തും കപ്പത്തോട് കര കവിഞ്ഞൊഴുകി. കാഞ്ഞിരപ്പിളളി കോന്നന്‍പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ ഇടിഞ്ഞു ചാലക്കുടിപ്പുഴയില്‍ പതിച്ചു.
പരിയാരം തൃപ്പാപ്പിള്ളിയില്‍ കൈതപ്പിള്ളി തോടിന്റെ കരയിലുള്ള വാഴത്തോട്ടം മുങ്ങി. പഞ്ചായത്തിലെ ചെറിയ റോഡുകളിലും ഇടവഴികളിലും ഒരടിയോളം വെള്ളം ഉയര്‍ന്നു. കൈതപ്പിള്ളി തോടിന്റെ കരകളിലുള്ള വീടുകളില്‍ വെള്ളം കയറി. പശു തൊഴുത്ത്, കോഴിക്കൂടുകള്‍, തേനീച്ചക്കൂട് എന്നിവ മുങ്ങി. റോഡുകളില്‍ വന്‍തോതില്‍ മണ്ണ് അടിഞ്ഞുകൂടി.
വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.വേളൂക്കര പ്രദീപ് നഗര്‍ കൈതപിള്ളി തോടിന്റെ കരയില്‍ താമസിക്കുന്ന മാളിയേക്കല്‍ സദന്റെയും തോട്ട്യാന്‍ ചിന്നമ്മയുടെയും വീടുകളില്‍ വെള്ളം കയറി.തൃപ്പാപ്പിള്ളിയില്‍ വെണ്ണാട്ടുപറമ്പില്‍ യാക്കോബിന്റെ 24 കളക്ക കുഞ്ഞുങ്ങള്‍ കൂട്ടില്‍ വെള്ളം കയറി ചത്തു.
ശക്തമായ മഴയില്‍ റേഷന്‍കടയില്‍ വെള്ളം കയറി വലിയ നാശനഷ്ടം. പഞ്ചായത്ത് വെസ്റ്റ് കൊരട്ടിയില്‍ മുല്ലപ്പിള്ളി രാജീവ് നടത്തുന്ന 61-ാം നമ്പര്‍ റേഷന്‍ കടയിലാണ് അപ്രതീക്ഷിതമായി വെള്ളം കയറിയത്. ഇവിടെ സൂക്ഷിച്ചിരുന്ന 23 ചാക്ക് അരി, 4 ചാക്ക് ഗോതമ്പ്, 40 ഭക്ഷ്യക്കിറ്റ്, 2 ചാക്ക് കടല എന്നിവ പൂര്‍ണമായും നശിച്ചു. മാമ്പ്ര കുരിയാംപറമ്പ് തോടില്‍ നിര്‍മിച്ചിട്ടുള്ള ഷട്ടര്‍ ഇട്ടിരുന്നതിനാല്‍ വെള്ളം ഉയര്‍ന്നതാകാം കടയിലേക്ക് വെള്ളം കയറാന്‍ കാരണമായി കരുതുന്നത്.