കണ്ണൂർ: താൻ കൈക്കൊണ്ട പുതിയ രാഷ്ട്രീയ നിലപാടിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അടക്കം വേട്ടയാടപ്പെടുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. അതിന്റെ തുടർച്ചയായിട്ടുള്ളതാണ് കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങളെന്ന് സംശയിക്കേണ്ടതുണ്ടെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിയോട് ഒന്നിച്ചുള്ള നിലപാട് എടുത്തത് കൊണ്ടുമാത്രം അപകടം സംഭവിച്ചപ്പോൾ പോലും ആരും സഹായത്തിന് വന്നിട്ടില്ല. അപകടം വരുത്തിവെച്ച ഡ്രൈവറുടെ ഉറങ്ങിപ്പോയി എന്ന വാദം വിശ്വസിക്കാനാവുന്നതല്ല. തൊട്ടടുത്ത് നിന്നാണ് വാഹനം വന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. അപകടമുണ്ടാക്കിയിട്ടും ഡ്രൈവർക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. തനിക്കെതിരെ നിരന്തരം ഭീഷണി ഫോൺ വിളികൾ വരുന്നുണ്ടെന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി വാർത്താസമ്മേളനത്തിൽ ഫോൺ വിളികളുടെ വിവരങ്ങളും പുറത്ത് വിട്ടു. ദേശീയ മുസ്ലീം എന്നത് അന്തസ്സോടെ പറയും.
തനിക്കെതിരേ നടക്കുന്ന സോഷ്യൽമീഡിയാ അക്രമങ്ങളെ പോലീസടക്കമുള്ളവരും സാമുദായിക നേതാക്കളും ഗൗരവമായി കാണണം. സൈബർ ഗുണ്ടകളെ നിയന്ത്രിക്കാൻ പോലീസ് തയ്യാറാവണമെന്നും ഇന്നലത്തെ സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Discussion about this post