പനമരം: പനമരം കാപ്പുംചാല്‍ പാതയോരത്ത് തേങ്ങാക്കച്ചവടം നടത്തുന്ന മുള്ളന്‍മടയ്ക്കല്‍ റ്റോബിയ മാത്യു യുവാക്കള്‍ക്ക് ഏറെ മാതൃകയാവുകയാണ്. സ്വന്തം കൃഷിയിടത്തിലെ തേങ്ങയും വിഷമില്ലാത്ത കിഴങ്ങ് വിളകളും വാഴയ്ക്കയും എല്ലാം കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നറിഞ്ഞ് റ്റോബിയയെ തേടിയെത്തുന്നവര്‍ ഇന്ന് നിരവധിയാണ്.
കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് എംഎസ്സി കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസോടെ പാസായി പിഎസ്സി റാങ്ക് പട്ടികയിലും ഇടം നേടിയയാളാണ് റ്റോബിയ. ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാനാണ് റ്റോബിയ വഴിയോരക്കച്ചവടം തുടങ്ങിയത്. ഓണക്കാലത്താണ് 2 വള്ളിക്കൊട്ട നിറയെ തേങ്ങയുമായി റ്റോബിയ കച്ചവടം തുടങ്ങിയത്.
കച്ചവടം പുരോഗമിച്ചതോടെ പിതാവ് മാത്യു തന്നെ റ്റോബിയയ്ക്ക് ഒരു ഷെഡ് കെട്ടി കൊടുത്തു. സ്വന്തം കൃഷിയിടത്തിലെ തേങ്ങയും വിഷമില്ലാത്ത കിഴങ്ങ് വിളകളും വാഴയ്ക്കയും എല്ലാം കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നറിഞ്ഞ് ആവശ്യക്കാര്‍ കൂടി.
വീടുകളില്‍ നിന്നു കൂടുതല്‍ സാധനങ്ങള്‍ എത്തിക്കാന്‍ കൂട്ടുകാരും സഹായിച്ചതോടെ കച്ചവടം പൊടിപൊടിക്കുകയാണ്. ചെറിയ തുകയ്ക്കു തേങ്ങ എടുത്തു കൂടിയ വിലയ്ക്കു വിറ്റ് കര്‍ഷകരെ പറ്റിക്കുന്ന ഇടനിലക്കാര്‍ക്കുള്ള താക്കീതായാണ് വഴിയോരക്കച്ചവടത്തിനിറങ്ങിയതെന്നു റ്റോബിയ പറയുന്നു.
പൊതുവിപണിയില്‍ ഒരു കിലോ തേങ്ങയ്ക്ക് 45 രൂപ വിലയുള്ളപ്പോള്‍ വീട്ടില്‍ തേങ്ങ എടുക്കാന്‍ എത്തിയവര്‍ കുറഞ്ഞ വില പറഞ്ഞപ്പോഴാണ് റ്റോബിയ ഈ തീരുമാനമെടുത്തത്. ഇപ്പോള്‍ അയല്‍വാസികളും റ്റോബിയയുടെ കട വഴിയാണു വില്പന. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ കച്ചവടം ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്ന ചെറിയൊരു വിഷമം റ്റോബിയയുടെ മനസ്സിലുണ്ട്.
Discussion about this post