തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്ത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും പതിനൊന്നാം തീയതി ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന് സമീപം ഇന്നു രാവിലെ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് തീവ്രന്യൂന മര്‍ദമാകാന്‍ സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പ്രഭാവത്താലാണ് വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ പെയ്യാന്‍ സാധ്യതയെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.