കൊച്ചി: കള്ളപ്പണ ഇടപാടില്‍ കുടുങ്ങിയ തൃക്കാക്കര എംഎല്‍എ പി ടി തോമസ് സംശയ നിഴലില്‍. പണം എണ്ണുമ്പോഴും റെയ്ഡ് നടക്കുമ്പോഴും എംഎല്‍എ സ്ഥലത്തുണ്ടായിരുന്നെന്ന് സ്ഥലമുടമ വെളിപ്പെടുത്തി. ഇതോടെ പിടി തോമസിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞു.
സ്ഥലം ഇടപാടില്‍ താന്‍ മധ്യസ്ഥനായി എത്തിയതാണെന്നാണ് കഴിഞ്ഞദിവസം പി ടി തോമസ് പറഞ്ഞത്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമെന്ന് സ്ഥലമുടമ രാജീവന്‍ പറഞ്ഞു. പി ടി തോമസിന്റെ സാന്നിധ്യം ആദായ നികുതി വകുപ്പും സ്ഥിരീകരിച്ചതായാണ് സൂചന.
പി ടി തോമസിനെ വിളിച്ച് വരുത്തിയത് റിയല്‍ എസ്റ്റേറ്റുകാരനാണെന്ന് രാജീവന്‍ ഒരു ചാനലിനോട് വെളിപ്പെടുത്തി. ഇടപാട് നടക്കുമ്പോള്‍ താന്‍ ഉണ്ടായിരുന്നില്ലെന്ന എംഎല്‍എയുടെ വാദവും തെറ്റാണ്. പണം കൈമാറുന്നതിന് തൊട്ടുമുന്‍പ് വരെ പി ടി തോമസ് വീട്ടിലുണ്ടായിരുന്നു.
ആദായ നികുതി വകുപ്പ് വന്ന ശേഷമാണ് എംഎല്‍എ പോയതെന്നും രാജീവ് പറയുന്നു. റെയ്ഡ് നടക്കുന്നതിന് മുന്‍പേ താന്‍ പോയെന്നാണ് പി ടി തോമസ് ഇന്നലെ ന്യായീകരിച്ചത്. എംഎല്‍എ ഓഫീസില്‍ എത്തിയ ശേഷമായിരുന്നു സംഭവം അറിഞ്ഞതെന്നുമായിരുന്നു എംഎല്‍എയുടെ വാദം.
കൊച്ചി അഞ്ചുമന ക്ഷേത്രത്തിന് സമീപം രാജീവന്റെ വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച്ച 88 ലക്ഷം രൂപ പിടികൂടിയത്. കള്ളപ്പണവുമായി രണ്ടുപേരെ ആദായനികുതിവകുപ്പ് പിടികൂടിയിരുന്നു. പിടിയിലായ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരെ ചോദ്യം ചെയ്യുകയാണ്.
ഇടപ്പള്ളി അഞ്ചുമനയില്‍ നാലുസെന്റ് സ്ഥലവും വീടും 80 ലക്ഷത്തിലേറെ രൂപയ്ക്ക് വാങ്ങാനാണ് ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയത്. കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 88 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയിലെ വീട്ടില്‍ എത്തിയപ്പോഴാണ് പിടികൂടിയത്.
ഇവിടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്നും നികുതി ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എങ്ങും ഉയരുന്നത്.